ന്യൂഡൽഹി: അസ്സമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ AN-32 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു. റോറ എയർഫോഴ്സ് സ്റ്റേഷനിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിമാനാപകടത്തെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിങ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ, അഗ്നിവീർ വായു ഖീമരം കുമാവത്ത്, അഗ്നിവീർ വായു ഡാനിഷ് ആലം എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അരുണാചൽ പ്രദേശിൽ നിന്ന് പുറപ്പെട്ട വിമാനം ജോർഹാട്ടിൽ ഇറങ്ങുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായി തകർന്നുവീണതെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയും ചെയ്തിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വ്യോമസേന വിശദ അന്വേഷണം പ്രഖ്യാപിച്ചു.
