ഹൈദരാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ വിജയം. ഓപ്പണർ അഭിഷേക് ശർമ്മയുടെ പുറത്താവാത്ത സെഞ്ച്വറിയാണ് (68 പന്തിൽ 135 റൺസ്) ഹൈദരാബാദിനെ വിജയതീരത്തെത്തിച്ചത്. ഇതോടെ സീസണിലെ ഏഴ് മത്സരങ്ങളിൽ ഹൈദരാബാദ് നാലാം വിജയം സ്വന്തമാക്കി. ടി20 ലോകകപ്പിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടെങ്കിലും, ഇപ്പോൾ ഐപിഎല്ലിലും ലോകകപ്പിന്റെ അവസാന ഘട്ടത്തിലും തകർപ്പൻ ഫോമിലാണ് ഈ യുവതാരം.
അഭിഷേക് ശർമ്മയുടെ ബാറ്റിംഗ് പക്വതയെ സൺറൈസേഴ്സ് ബോളിംഗ് കോച്ച് വരുൺ ആരോൺ വാനോളം പ്രശംസിച്ചു. ലോകത്തിലെ ഒന്നാം നമ്പർ ടി20 ബാറ്റ്സ്മാനാകാൻ വേണ്ട എല്ലാ ഗുണങ്ങളും അവനുണ്ടെന്നും, സാഹചര്യങ്ങൾ മനസ്സിലാക്കി കളിക്കാനുള്ള ക്രിക്കറ്റ് ബുദ്ധി അഭിഷേകിനെ വ്യത്യസ്തനാക്കുന്നുവെന്നും ആരോൺ പറഞ്ഞു.
ബാറ്റിംഗിൽ അഭിഷേക് തിളങ്ങിയപ്പോൾ ബൗളിംഗിൽ ഈശാൻ മലിംഗയും സാക്കിബ് ഹുസൈനും ഡൽഹിയെ പിടിച്ചുകെട്ടി. നാല് വിക്കറ്റുകൾ വീഴ്ത്തിയ മലിംഗയുടെ യോർക്കറുകളും സ്ലോ ബോളുകളും ഡൽഹി ബാറ്റർമാരെ വട്ടംകറക്കി. 140 കിലോമീറ്ററിന് മുകളിൽ പന്തെറിയുന്ന സാക്കിബ് ഹുസൈന്റെ വൈവിധ്യമാർന്ന സ്ലോ ബോളുകളും ശ്രദ്ധേയമായി. ലേലത്തിന് ശേഷം സാക്കിബിനായി ഹൈദരാബാദ് പ്രത്യേകം പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതായും അതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നതെന്നും ബോളിംഗ് കോച്ച് കൂട്ടിച്ചേർത്തു.
