Home » Blog » Kerala » അവയവം മാറ്റിവെച്ചവർക്ക് സൗജന്യ മരുന്നുകളുമായി മുത്തൂറ്റ് ഫിനാൻസും റോട്ടറി ക്ലബ്ബും ~ നിർധനരായ 100 രോഗികൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകും ~
24
തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ നിർധനരായ നൂറ് രോഗികൾക്ക് കൈത്താങ്ങുമായി മുത്തൂറ്റ് ഫിനാൻസും റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം ഫിനിക്സും. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ഒരു വർഷത്തേക്ക് സൗജന്യമായി നൽകും. തിരുവനന്തപുരം ഹോട്ടൽ കോർഡിയൽ സോപാനത്തിൽ നടന്ന ചടങ്ങിൽ മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം ഫിനിക്സ് പ്രസിഡന്റ് ഗോപകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
മുത്തൂറ്റ് ഫിനാൻസിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുമായി സഹകരിച്ചാണ് അർഹരായ രോഗികളെ കണ്ടെത്തിയത്.
അവയവം മാറ്റിവെച്ചവർക്ക് ജീവിതകാലം മുഴുവൻ വിലയേറിയ മരുന്നുകൾ ആവശ്യമാണെന്നും ഇത് പല കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നതെന്നും ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. ഇത്തരം കുടുംബങ്ങൾക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ മുത്തൂറ്റ് ഫിനാൻസ് നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം ഫിനിക്സ് ട്രഷറർ രാധാകൃഷ്ണൻ ആർ. സ്വാഗതവും, ലിവർ ഫൗണ്ടേഷൻ ഓഫ് കേരള ജില്ലാ പ്രസിഡന്റ് ലാൽ കാട്ടാക്കട നന്ദിയും അറിയിച്ചു. ലിവർ ഫൗണ്ടേഷൻ ഓഫ് കേരള ലെയ്സൺ ഓഫീസർ ഡി. സുകുമാരിയമ്മ, റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം ഫിനിക്സ് പ്രോജക്ട് ചെയർ അഡ്വ. സുമേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.