Home » Blog » Cinema » “അവഗണനയില്‍ മനംമടുത്താണ് രാജിവച്ചത്, ഹിന്ദുക്കള്‍ക്ക് പോലും പാര്‍ട്ടിയെ ഭയമാണ്, അത് മാറ്റിയെടുക്കാതെ കേരളത്തില്‍ ബിജെപിക്ക് കാലുറപ്പിക്കാന്‍ പറ്റില്ല” – ദേവന്‍
9

കൊച്ചി: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ ദേവന്‍. സീറ്റ് കിട്ടാത്തതിലല്ല, അവഗണനയില്‍ മനംമടുത്താണ് ബിജെപിയില്‍ നിന്നും രാജിവെച്ചതെന്ന് ദേവന്‍ പറഞ്ഞു. നേതൃത്വം തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും രാജി തീരുമാനം ആറുമാസം മുന്‍പ് എടുത്തതാണെന്നും അപ്രതീക്ഷിതമല്ലെന്നും ദേവന്‍ പറഞ്ഞു.

“രാജി അപ്രതീക്ഷിതമായിട്ട് ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തോന്നാം. എന്നെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമല്ല. വളരെ ആലോചിച്ച് ആറുമാസം മുമ്പ് എടുത്തതാണ്. രാജിക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് ആലോചിച്ച് കേരളത്തിലെ ബിജെപി നേതൃത്വത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും അവരെ കിട്ടുന്നുണ്ടായിരുന്നില്ല. മെസ്സേജ് അയച്ചിട്ടും മറുപടി തന്നിരുന്നില്ല” – ദേവന്‍ തുറന്നടിച്ചു.

“ഇവരുടെ പാര്‍ട്ടിയില്‍ എന്തെങ്കിലും സ്ഥാനം ആഗ്രഹിക്കുന്നയാളാണെങ്കില്‍ എല്ലാം സഹിച്ച് കടിച്ചുതൂങ്ങി നില്‍ക്കാം. എനിക്കങ്ങനെ സഹിക്കാന്‍ കഴിയില്ല. ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ചേരുമ്പോള്‍ ഇയാള്‍ ആരാണെന്ന് മനസ്സിലാക്കേണ്ടത് അവരാണ്. സ്ഥാനമോഹിയായി ചാടിക്കേറി ബിജെപിയിലേക്ക് വന്നയാളല്ല ഞാന്‍. എനിക്ക് പ്രവര്‍ത്തിക്കാന്‍ സംവിധാനം ഉണ്ടാക്കേണ്ടേ. എനിക്ക് സ്‌പേസ് വേണം” – ദേവന്‍ പറഞ്ഞു.

ഏറെ തെറ്റിദ്ധരിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. ഹിന്ദുക്കളില്‍ വരെ ഭയവും ഭീതിയും ഉണ്ട്. അത് മാറ്റിയെടുക്കാതെ കേരളത്തില്‍ ബിജെപിക്ക് കാലുറപ്പിക്കാന്‍ പറ്റില്ലെന്നും ദേവൻ തുറന്നടിച്ചു. വൈസ് പ്രസിഡന്റ് പദവി കിട്ടിയപ്പോള്‍ എന്താണ് തന്റെ ഉത്തരവാദിത്തം എന്ന് പാര്‍ട്ടി നേതൃത്വത്തോട് ചോദിച്ചിരുന്നു. അതിന് മറുപടി ഉണ്ടായിരുന്നില്ല. കയ്യില്‍ വടി കിട്ടുന്നില്ല. ജനങ്ങള്‍ക്ക് തന്നെ വിശ്വാസം ആണെങ്കിലും തന്‍റെ പാര്‍ട്ടിയില്‍ വിശ്വാസമില്ല. 2021ലെ അമിത്ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ഏത് സീറ്റ് വേണമെന്നാണ് ചോദിച്ചത്. തന്നെ തെറ്റിദ്ധരിക്കുകയായിരുന്നു. അത് ഫീല്‍ ചെയ്തിരുന്നുവെന്നും ദേവൻ പറഞ്ഞു.