Home » Blog » Kerala » അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാരടക്കം എട്ടുപേർക്ക് ദാരുണാന്ത്യം
15

അലാസ്ക: അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാരടക്കം എട്ടുപേർക്ക് ദാരുണാന്ത്യം. സെക്യൂരിറ്റി ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇരട്ട എൻജിൻ സെസ്ന 441 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് ഉണ്ടായിരുന്നത്. ആങ്കറേജിൽനിന്ന് കേപ് ന്യൂവൻഹാമിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) അറിയിച്ചു.

വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15 ഓടെയാണ് പടിഞ്ഞാറൻ അലാസ്കയിലെ വിദൂരമേഖലയിൽ അപകടമുണ്ടായത്. കേപ് ന്യൂവൻഹാം വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്താണ് വിമാനം തകർന്നുവീണത്. അപകട വിവരം അലാസ്കൻ കമാൻഡ് സ്ഥിരീകരിച്ചു. തുടർന്ന് എൻടിഎസ്ബിയും അലാസ്ക സ്റ്റേറ്റ് ട്രൂപ്പേഴ്സ് റെസ്ക്യൂ കോർഡിനേഷൻ സെന്ററും ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്തെത്തി പരിശോധനയും തെരച്ചിലും ആരംഭിച്ചു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും അപകടത്തിൽ മരിച്ചതായി എൻടിഎസ്ബി അലാസ്ക മേഖല മേധാവി ക്ലിന്റ് ജോൺസൺ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. എന്നാൽ മരിച്ചവരുടെ വ്യക്തിവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥയോ സാങ്കേതിക തകരാറോ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും എൻടിഎസ്ബിയും അന്വേഷണം നടത്തും. എൻടിഎസ്ബിയായിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുകയെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *