Home » Blog » Kerala » അറ്റൻഡർമാരുടെയും സുരക്ഷാ ജീവനക്കാരുടെയും ക്ഷാമം; പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ശോചനീയാവസ്ഥയിൽ ഇടപെട്ട് ഹൈക്കോടതി
images - 2026-07-24T190909.278

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ നിലവിലെ അവസ്ഥ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി. സുരക്ഷാ ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമമുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനം ഉടനടി ഉറപ്പാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ കേന്ദ്രത്തിൽ നേരിട്ടെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഈ നിരീക്ഷണം.

 

158 അറ്റൻഡർമാർ വേണം എന്നുള്ളിടത്ത് നിലവിൽ 127 പേർ മാത്രമാണുള്ളത്. മാനസികാരോഗ്യകേന്ദ്രത്തിൽ പ്രത്യേക പാചകത്തൊഴിലാളികളില്ല. ഈ അറ്റൻഡർമാർ തന്നെയാണ് അന്തേവാസികൾക്കുള്ള ഭക്ഷണവും പാകം ചെയ്യുന്നത്. സുരക്ഷാ ജീവനക്കാരുടെ കുറവും അറ്റൻഡർമാർക്ക് ഒന്നിലധികം ജോലികൾ ചെയ്യേണ്ടി വരുന്നതും സ്ഥിതി കൂടുതൽ വഷളാക്കുന്നു. പല കെട്ടിടങ്ങളുടെയും നിർമ്മാണം പകുതിയിൽ നിലച്ച നിലയിലാണ്. ഉപകരണങ്ങൾ പലതും പഴകിയ അവസ്ഥയിലാണ്. സാധാരണക്കാരെപ്പോലെ വിഷമങ്ങൾ പുറത്തുപറയാൻ കഴിയാത്തവരാണ് ഇവിടെയുള്ള അന്തേവാസികളെന്നും അവർക്ക് കൗൺസിലിംഗ് നൽകി സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി. അറ്റൻഡർമാർ, പാചകത്തൊഴിലാളികൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ നിയമന കാര്യത്തിൽ സർക്കാർ ഉടൻ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. 2022-ൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപടികൾ മുന്നോട്ട് പോകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി ജഡ്ജിമാർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.