Home » Blog » Kerala » അയ്യയ്യോ ഇതേത് യൂണിവേഴ്സ്? ഇലക്ട്രിക് കാറിന് വായുമലിനീകരണ പിഴ!
ev-fine-680x450

നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിന് അപ്രതീക്ഷിതമായി ഒരു ദിവസം വായുമലിനീകരണ നിയമങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ എങ്ങനെയിരിക്കും? 10,000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെടുന്ന ഒരു ചെലാൻ കിട്ടിയിരിക്കുന്നു. ഇത് വിശ്വസിക്കാൻ ആർക്കും എളുപ്പമല്ല, പക്ഷേ സംഭവം സത്യമാണ്. ഹരിയാന ട്രാഫിക് പൊലീസാണ് ഇത്തരമൊരു വിചിത്രമായ നടപടി എടുത്തത്. പഞ്ചാബിൽ ഒരു ടാറ്റ കർവ്വ് ഇവി ഉടമയ്ക്കാണ് ഹരിയാന ട്രാഫിക് പൊലീസ് പിഴ ചുമത്തിയതായി പറയുന്നത്. ഉടമയിൽ നിന്നും പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ പിഴ ഈടാക്കിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സമൂഹമാധ്യമമായ എക്സിൽ രത്തൻ ധില്ലൺ എന്ന ആളാണ് ഈ അപൂർവ്വ സംഭവത്തെക്കുറിച്ച് പോസ്റ്റ് പങ്കുവച്ചത്. “PB 42 E 7132” എന്ന റജിസ്‌ട്രേഷൻ നമ്പറുള്ള ടാറ്റ കർവ്വ് ഇവിക്കാണ് രണ്ട് ഗതാഗത നിയമങ്ങൾ ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. ആദ്യ പിഴ വേഗപരിധി ലംഘിച്ചതിന് 2,000 രൂപയായി ഈടാക്കിയെങ്കിലും, രണ്ടാമത്തേത് അത്ഭുതപ്പെടുത്തുന്ന വിധം വായുമലിനീകരണ നിയമലംഘനത്തിന് 10,000 രൂപ പിഴ ചുമത്തിയാണ്. ഹരിയാന ട്രാഫിക് പൊലീസ് ഡിപ്പാർട്മെന്റാണ് ഇത്തരമൊരു പിഴ ചുമത്തിയത്. എന്നാൽ ഇതു നിയമപരമായി തെറ്റാണെന്നും, ഇലക്ട്രിക് വാഹനങ്ങൾ പുക പുറന്തള്ളാത്തതിനാൽ വായുമലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് ഇവയ്ക്ക് ആവശ്യമാണ് എന്ന നിയമമില്ലെന്നും, പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നിട്ടും പൊലീസ് ഇങ്ങനെയൊരു പിഴ ഈടാക്കിയത് അത്ഭുതകരമാണെന്നും ചിലർ പരിഹസിച്ചിട്ടുണ്ട്.

പോസ്റ്റ് വൈറലായതിന് പിന്നാലെ ഗുരുഗ്രാം ട്രാഫിക് പോലീസ് ഔദ്യോഗികമായി ‘നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ ഡിഎം വഴി പങ്കുവെക്കുക’ എന്ന് അറിയിച്ചു. എന്നാൽ പിഴ റദ്ദാകുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ചെലാനിൽ വന്ന സാങ്കേതിക പിശകുകളാണ് ഇത്തരം തെറ്റായ പിഴകൾ ഉണ്ടാകാനുള്ള സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. വായുമലിനീകരണ നിയമം ഇലക്ട്രിക് വാഹനങ്ങൾക്ക് ബാധകമല്ല. പുക പുറന്തള്ളാത്തവ ആയതിനാൽ ഇവയ്ക്ക് വായുമലിനീകരണ നിയമലംഘനത്തിന് പിഴ ചുമത്താൻ സാധിക്കില്ല. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിയമപ്രകാരം ഇലക്ട്രിക് വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് നൽകപ്പെടുന്നില്ല. അതിനാൽ, സർട്ടിഫിക്കറ്റ് ഇല്ലെന്നതിന്റെ പേരിൽ അതിനെതിരെ ശിക്ഷാനടപടികൾ എടുക്കാനാവില്ല. പെട്രോൾ, ഡീസൽ, സിഎൻജി തുടങ്ങിയ ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിന്‍ വാഹനങ്ങൾക്ക് മാത്രമേ പുക പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമുള്ളൂ.