അറബിക്കടലിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ നീങ്ങിയ ഇറാന്റെ നിരീക്ഷണ ഡ്രോൺ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. അമേരിക്കയുടെ പടക്കപ്പലായ എബ്രഹാം ലിങ്കന് നേരെ ആക്രമണാത്മകമായ രീതിയിൽ ഡ്രോൺ അടുത്തതോടെയാണ് സ്വയം പ്രതിരോധത്തിന്റെ ഭാഗമായി നടപടി സ്വീകരിച്ചതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. എബ്രഹാം ലിങ്കണിൽ നിന്ന് പറന്നുയർന്ന എഫ്-35സി സ്റ്റെൽത്ത് യുദ്ധവിമാനമാണ് ഡ്രോൺ തകർത്തത്.
സംഭവം നടക്കുമ്പോൾ വിമാനവാഹിനിക്കപ്പൽ ഇറാനിയൻ തീരത്തുനിന്ന് ഏകദേശം 500 മൈൽ അകലെയായിരുന്നുവെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് വിശദീകരിച്ചു. ഡ്രോൺ തകർത്ത നടപടിയിൽ അമേരിക്കൻ സൈനികർക്ക് പരിക്കേൽക്കുകയോ കപ്പലിന് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, തങ്ങളുടെ ഡ്രോൺ ശേഖരിച്ച വിവരങ്ങൾ സുരക്ഷിതമായി ലഭിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ വാദം
മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. ആണവ ചർച്ചകളിൽ അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ഖമനേയിയുടെ ഉപദേഷ്ടാവ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നടപടിയുണ്ടായത്. സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകിക്കൊണ്ടുള്ള യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കർശന നിലപാടിലാണ് ഇറാൻ. മേഖലയിൽ അമേരിക്ക സൈനിക സാന്നിധ്യം വർധിപ്പിക്കുന്നത് തുടരുന്നതിനിടയിലുണ്ടായ ഈ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്
