Home » Blog » kerala Max » അമേരിക്കന്‍ സൈനിക വിമാനം ഇറാഖില്‍ തകര്‍ന്ന് വീണു; വെടിവയ്പില്‍ തകര്‍ന്നതല്ലെന്ന് യു എസ്
3

ടെഹ്‍റാൻ: അമേരിക്ക സൈനിക വിമാനം ഇറാഖിൽ‍ തകർന്നു വീണതായി യുഎസ് സെൻട്രൽ കമാൻഡ്. ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന കെസി 135 വിമാനമാണ് ഇറാഖിന്റെ വ്യോമപരിധിയിൽ തകർന്നു വീണത്. വെടിവയ്പ്പിൽ തകർന്നതല്ലെന്നാണ് യുഎസ് പറയുന്നത്. ഇതിലെ ജീവനക്കാരെക്കുറിച്ചുള്ള വിവരം ലഭ്യമല്ല. ‘‘രണ്ട് വിമാനങ്ങളാണ് അപകട സമയത്ത് ഉണ്ടായിരുന്നത്. അതിലൊന്ന് പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീണു. രണ്ടാമത്തേത് സുരക്ഷിതമായി നിലത്തിറക്കി’’–സെൻട്രൽ കമാൻഡ് അറിയിച്ചു. അതേസമയം, വിമാനം തകര്‍ത്തത് തങ്ങളാണെന്ന് ഇറാന്‍ പിന്തുണയുള്ള സായുധസംഘം അറിയിച്ചു.

സംഘർഷം രൂക്ഷമാക്കാൻ തീരുമാനിച്ചാൽ ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.  വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാൻ തീരുമാനിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ അത് നടപ്പാക്കാൻ യുഎസിന് സാധിക്കുമെന്നും ട്രംപ് പറഞ്ഞു. “ഞങ്ങൾക്ക് അവരുടെ വൈദ്യുതി ശേഷി ഒരു മണിക്കൂറിനുള്ളിൽ തകർക്കാൻ കഴിയും. അത് പുനർനിർമിക്കാൻ അവർക്ക് 25 വർഷമെടുക്കും. അതിനാൽ, അതൊരിക്കലും ചെയ്യാതിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” – ട്രംപ് പറഞ്ഞു. യുഎസിന്റെ സൈനിക നടപടികൾക്കുശേഷം ഇറാൻ ദുർബലമായെന്നും അവർ തികച്ചും നശിപ്പിക്കപ്പെട്ടു എന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളെ ആക്രമിച്ചാൽ മേഖലയിലെ വൈദ്യുതി ഗ്രിഡുകളെയാകെ ആക്രമിച്ച് അര മണിക്കൂറിനുള്ളിൽ‌ ഇരുട്ടിലാക്കുമെന്നും സുരക്ഷ തേടി ഓടുന്ന അമേരിക്കൻ സൈനികരെ വേട്ടയാടാൻ ഈ ഇരുട്ട് ധാരാളം അവസരങ്ങൾ നൽകുമെന്നും ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പ്രതികരിച്ചു. ‘നിങ്ങളേക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. നിങ്ങളെത്തന്നെ ശ്രദ്ധിക്കുക, ഇല്ലാതാക്കപ്പെടാതിരിക്കാൻ’ – അലി ലാരിജാനി സമൂഹമാധ്യമത്തിൽ കുറിച്ചു.