Home » Blog » Health » അപൂർവ മുഴ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ
17

കൊച്ചി: നെഞ്ചിൻകൂടിനകത്ത് പിൻഭാഗത്തായി നട്ടെല്ലിനോട് ചേർന്ന് കിടക്കുന്ന ഗുരുതരമായ മുഴ (posterior mediastinal tumor) റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ. 37 വയസ്സുകാരിയായ ലേഡി ഡോക്ടറുടെ നെഞ്ചിലെ മുഴയാണ് അത്യാധുനിക റോബോട്ടിക് തൊറാസിക് സർജറിയിലൂടെ പൂർണ്ണമായും പുറത്തെടുത്തത്.

സാധാരണഗതിയിൽ ഇത്തരം സാഹചര്യങ്ങളിൽ നെഞ്ചിൻകൂട് തുറന്നുള്ള ശസ്ത്രക്രിയയാണ് (posterolateral thoracotomy) ചെയ്തുവരുന്നത്. ഇതിനായി പിൻഭാഗത്ത് 12 മുതൽ 15 സെന്റിമീറ്റർ വരെ നീളത്തിൽ വലിയ മുറിവുണ്ടാക്കേണ്ടി വരാറുണ്ട്. എന്നാൽ അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. റിനെറ്റ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയയുടെ സഹായത്തോടെ ചെറിയ താക്കോൽദ്വാര മുറിവുകളിലൂടെ മുഴ പൂർണ്ണമായും വിജയകരമായി പുറത്തെടുക്കുകയായിരുന്നു.

പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് രോഗികൾക്ക് വലിയ ആശ്വാസമാണ് റോബോട്ടിക് ശസ്ത്രക്രിയകൾ നൽകുന്നത്. ശസ്ത്രക്രിയ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ  ഇതിലൂടെ സാധിക്കും. ഇത്തരം ശസ്ത്രക്രിയകൾക്ക് ശേഷം ഐ.സി.യു (ICU) വാസം അധികം ആവശ്യമില്ലെന്നതും, രോഗികൾക്ക് വളരെ പെട്ടെന്ന് തന്നെ തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്നതുമാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും ഡോ. റിനെറ്റ് സെബാസ്റ്റ്യൻ പറഞ്ഞു.

വലിയ മുറിവുകളില്ലാതെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞതിനാൽ രോഗിക്ക് മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും വളരെ കുറവായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അതിവേഗം സുഖം പ്രാപിച്ച രോഗി 4 ദിവസത്തിനുള്ളിൽ തന്നെ ആശുപത്രി വിടുകയും ചെയ്തു.

ഡോ. റിനെറ്റ് സെബാസ്റ്റ്യൻ, ഡോ. ഷാജി കെ ആയില്ലത്ത്, ഡോ. സുജിത് ചെറുവള്ളി, ഡോ. ഡോൺ ജോസ് എന്നിവരടങ്ങിയ മെഡിക്കൽ സംഘം ചികിത്സയുടെ ഭാഗമായി.