Home » Blog » kerala Max » അപൂർവ ജനിതക രോഗം: അമൃതയിൽ ചികിത്സയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചു വയസ്സുകാരന് അദ്ഭുതകരമായ രോഗമുക്തി
15

കൊച്ചി: അപൂർവമായ ജനിതക രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചുവയസ്സുകാരൻ അമൃത ആശുപത്രിയിലെ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. അക്യൂട്ട് ഇൻ്റർമിറ്റൻ്റ് പോർഫിറിയ (Acute Intermittent Porphyria) എന്ന അപൂർവ മെറ്റബോളിക് രോഗത്തെ തുടർന്നുണ്ടായ സങ്കീർണതകളാണ് കുട്ടിയെ ഗുരുതരാവസ്ഥയിലാക്കിയത്. മൂന്ന് മാസം നീണ്ട ചികിത്സയ്ക്കു ശേഷമാണ് ആരോഗ്യനില മെച്ചപ്പെട്ടത്.

മാലിദ്വീപിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഉണ്ടായ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഡിസംബർ 13-നാണ് കുട്ടിയെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കത്തെ ബാധിക്കുന്ന എൻസെഫലോപ്പതി, ശരീരതളർച്ച, ശരീരത്തിലെ മാംസപേശികളുടെ ദൗർബല്യം (ഫ്ലാസിഡ് പാരാലിസിസ്) തുടങ്ങിയ സങ്കീർണതകളാണ് ഉണ്ടായിരുന്നത്. ശ്വാസോച്ഛ്വാസത്തിന് സഹായമായി ട്രാക്കിയോസ്റ്റമി നടത്തേണ്ടിവന്നു. അടിയന്തരമായി ഇറക്കുമതി ചെയ്ത ഹീമിൻ (Inj. Hemin) എന്ന മരുന്നും ചികിത്സയുടെ ഭാഗമായി നൽകി.

പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലെ ഡോ. വിനയൻ കെ.പി., ഡോ. വൈശാഖ് ആനന്ദ്, ഡോ. അസ്മി ഹബീബ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘവും പീഡിയാട്രിക് ഇൻറൻസീവ് കെയർ വിഭാഗത്തിലെ ഡോ. സജിത് കേസവൻ ഉൾപ്പെടെയുള്ള ഡോക്ടർമാരും ചേർന്നാണ് ചികിത്സ നടത്തിയത്. വിവിധ വിഭാഗങ്ങളുടെ ഏകോപിത പ്രവർത്തനഫലമായി കുട്ടിയുടെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി ഉണ്ടായി. തുടർന്ന് ട്രാക്കിയോസ്റ്റമി നീക്കം ചെയ്യാനും സാധിച്ചു. നിലവിൽ കുട്ടി സ്വതന്ത്രമായി ശ്വസിക്കുകയും സാധാരണ രീതിയിൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന നിലയിലാണ്.

ആരോഗ്യനില സ്ഥിരതയുള്ളതിനാൽ കുട്ടിക്ക് മാലിദ്വീപിലേക്ക് സാധാരണ വിമാനയാത്രയ്ക്ക് യാത്ര ചെയ്യാമെന്ന് ഡോക്ടർമാർ അറിയിച്ചു. അവിടെ എത്തിയ ശേഷം പ്രാദേശിക ആശുപത്രിയിൽ തുടർപരിശോധനയും ഫിസിയോതെറാപ്പിയും തുടരാൻ നിർദേശിച്ചിട്ടുണ്ട്.

മാർച്ച് 11-നാണ് കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ജീവന് ഭീഷണിയായ അവസ്ഥയെ അതിജീവിച്ച് സ്വദേശത്തേക്ക് മടങ്ങിയ ബാലന്റെ ആരോഗ്യപുനരുജ്ജീവനം പ്രത്യാശ നൽകുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.