Home » Blog » kerala Max » ​’അന്ന് ഞാൻ തകർന്നുപോയപ്പോൾ സുവേന്ദു ഒപ്പമുണ്ടായിരുന്നു’; ബംഗാൾ മുഖ്യമന്ത്രിയോടുള്ള കടപ്പാട് വ്യക്തമാക്കി മഹുവ
mahua

ശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ, മമത ബാനർജിയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയും നിലവിലെ ബംഗാൾ മുഖ്യമന്ത്രിയുമായ ബിജെപി നേതാവ് സുവേന്ദു അധികാരിയെ പരസ്യമായി പുകഴ്ത്തി ടി.എം.സി എം.പി മഹുവ മൊയ്ത്ര. ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് രാഷ്ട്രീയ വത്യാസങ്ങൾക്കപ്പുറം സുവേന്ദു അധികാരിയുമായി തനിക്കുള്ള വൈകാരികമായ വ്യക്തിബന്ധത്തെക്കുറിച്ച് മഹുവ മനസ്സ് തുറന്നത്. നിലവിൽ ഇരുവരും വ്യത്യസ്ത ചേരികളിലായതിനാൽ പരസ്പരം സംസാരിക്കാറില്ലെങ്കിലും, തന്റെ കരിയറിലെ ഏറ്റവും കഠിനമായ ഘട്ടത്തിൽ അദ്ദേഹം നൽകിയ പിന്തുണ ഒരിക്കലും മറക്കാനാകില്ലെന്ന് മഹുവ വ്യക്തമാക്കി. അഭിമുഖത്തിന്റെ ഈ നിർണായക ഭാഗം മഹുവ തന്റെ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ നേരിട്ട അവഗണനകളും അതിനെ സുവേന്ദു മറികടക്കാൻ സഹായിച്ചതും മഹുവ ഓർത്തെടുത്തു. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ താൻ പൂർണ്ണമായും തകർന്നുപോയെന്നും ആ രാത്രി മുഴുവൻ കരയുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. അന്ന് തന്നെ ആശ്വസിപ്പിക്കാനും ധൈര്യം പകരാനും സുവേന്ദു അധികാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ആദ്യമായി കരീംപൂരിൽ നിന്ന് മത്സരിച്ചപ്പോൾ മുതിർന്ന ടി.എം.സി നേതാക്കളാരും പ്രചാരണത്തിന് വരാതിരുന്നിട്ടും തനിക്കായി ആദ്യ റാലി നയിക്കാൻ എത്തിയത് സുവേന്ദുവാണെന്നും മഹുവ കൂട്ടിച്ചേർത്തു.

സ്വന്തം പാർട്ടിയായ തൃണമൂൽ കോൺഗ്രസിന്റെ പരാജയങ്ങളെയും ലീഡർഷിപ്പിനെയും രൂക്ഷമായി വിമർശിച്ച മഹുവ, പാർട്ടിയുടെ ‘ശുദ്ധീകരണത്തിന്’ കാരണക്കാരനായതിൽ സുവേന്ദുവിനോട് നന്ദിയുണ്ടെന്നും പറഞ്ഞു. മമത ബാനർജിക്ക് ചെയ്യാൻ കഴിയാതിരുന്ന കാര്യം സുവേന്ദുവും ബിജെപിയും ചേർന്ന് ഒറ്റദിവസം കൊണ്ട് ചെയ്ത് കാണിച്ചു. ഒന്നിനും കൊള്ളാത്ത അയോഗ്യരായ നേതാക്കളെ പാർട്ടിയിൽ നിലനിർത്തിയതാണ് ടി.എം.സിയുടെ ഇന്നത്തെ തകർച്ചയ്ക്ക് കാരണം. ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചു നിൽക്കുന്ന തൃണമൂലിൽ നിന്ന് വ്യത്യസ്തമായി ബിജെപിക്ക് ശക്തമായ കേഡർ സംവിധാനവും വ്യക്തമായ പ്രത്യയശാസ്ത്രവുമുണ്ടെന്നും മഹുവ തുറന്നടിച്ചു. മഹുവയുടെ ഈ പരാമർശങ്ങൾ ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.