Home » Blog » Kerala » അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് ബംഗ്ലാദേശ് ടീമിനെ വിലക്കണമെന്ന് ആവശ്യം: കോടതിയുടെ സമയം പാഴാക്കിയെന്ന് വിമർശനം
AX-680x450

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് ബംഗ്ലാദേശ് ടീമിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഒരു നിയമവിദ്യാർത്ഥിയാണ് കോടതിയെ സമീപിച്ചത്. എന്നാൽ, വിദേശകാര്യ നയങ്ങളിലും അന്താരാഷ്ട്ര ബന്ധങ്ങളിലും ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

വിദേശ രാജ്യങ്ങളെ സംബന്ധിച്ച നയപരമായ തീരുമാനങ്ങൾ എടുക്കാനോ ഇന്ത്യൻ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടാനോ കോടതികൾക്ക് കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളിൽ കോടതിയെ സമീപിക്കുന്നത് ജുഡീഷ്യൽ സമയം പാഴാക്കുന്നതിന് തുല്യമാണ്. പൊതുതാൽപ്പര്യ ഹർജിയുടെ അധികാരപരിധി ദുരുപയോഗം ചെയ്യുന്നതിനെതിരെ ഹർജിക്കാരന് കർശന മുന്നറിയിപ്പ് നൽകിയ കോടതി, സമയം പാഴാക്കിയതിന് കനത്ത പിഴ ചുമത്തേണ്ടി വരുമെന്നും നിരീക്ഷിച്ചു.