പത്തനംതിട്ട: എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ആദ്യമായി എൻഡിഎ സർക്കാർ വരാൻ പോവുകയാണെന്നും തിരുവല്ലയിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പല തവണ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ കാറ്റ് വ്യത്യസ്തമാണെന്നും മോദി പറഞ്ഞു. അനൂപ് ആന്റണിയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷും നൽകിയ പടയണിയുടെ തപ്പ് കൊട്ടി മോദി ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. മലയാളത്തിലാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്.
‘‘അനൂപ് ആന്റണി കഴിഞ്ഞ 5 വർഷമായി എനിക്കു വേണ്ടി ജോലി ചെയ്യുന്ന ആളാണ്. രാജ്യം മൊത്തം എനിക്കു വേണ്ടി സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശക്തിയെപ്പറ്റി എനിക്ക് അറിയാം. കുറേ കാലമായി എന്റെ വലംകൈയ്യായി അനൂപ് പ്രവർത്തിക്കുകയാണ്. അത് നിങ്ങൾക്ക് ആർക്കും അറിയില്ല. ഇനി അനൂപിന്റെ സംഭാവന നാടിനു ലഭിക്കാൻ പോവുകയാണ്. തിരുവല്ലയിലെ ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി.’’ – പ്രധാനമന്ത്രി പറഞ്ഞു.
“കേരളം വികസനത്തിന്റെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ വളരെ പിന്നിലാണ്. ഗ്രാമീണ ഇട റോഡുകളുടെയൊക്കെ അവസ്ഥ പരിതാപകരമാണ്. തൊട്ടടുത്തുള്ള കോട്ടയം മെഡിക്കൽ കോളജിന്റെ അവസ്ഥ പരിതാപകരമാണ്. കേരളത്തിൽ നാളിതുവരെ ബിജെപി സർക്കാർ ഉണ്ടായിട്ടില്ല. എന്നിട്ടും കേരളത്തിന്റെ വികസനത്തിനുവേണ്ടി ഒരവസരവും ഞങ്ങൾ പാഴാക്കിയിട്ടില്ല. കോൺഗ്രസ് കേന്ദ്രം ഭരിച്ച സമയത്തെക്കാൾ അഞ്ച് ഇരട്ടി പണമാണ് എൻഡിഎ സർക്കാർ കേരളത്തിനു വേണ്ടി നൽകിയത്.”–മോദി പറഞ്ഞു.
“ക്രിസ്ത്യൻ സഹോദരന്മാർ ധാരാളമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരിടത്തൊഴികെ മറ്റെല്ലായിടത്തും എൻഡിഎ സർക്കാരാണ്. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള ഗോവയിൽ ബിജെപി സർക്കാരാണ് ഭരിക്കുന്നത്. കേരളത്തിലും ബിജെപി സർക്കാർ വരും. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയെ ആധുനികീകരിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്. ദേശീയപാത വികസനം സാധ്യമാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്. കോട്ടയം വഴി അതിവേഗത്തിൽ വന്ദേഭാരത് ട്രെയിൻ ഓടുന്നുണ്ട്. പാത ഇരട്ടിപ്പിക്കൽ സുഗമമായി നടക്കുകയാണ്. ശബരി റെയിൽ പദ്ധതി വരുന്നതോടെ പുതിയ അവസരങ്ങൾ തുറക്കും. ഇതോടെ ശബരിമല തീർഥാടനം സുഗമമാകും. കേരളത്തിലെ ഈ സർക്കാരുകൾ ഈ പദ്ധതികൾ നടക്കാതിരിക്കാനുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. അതിന്റെ നഷ്ടം തിരുവല്ലയ്ക്കാണ്. ബിജെപി സർക്കാർ വരുന്നതോടെ ഈ തടസങ്ങളൊക്കെ മാറും. ഇത് മോദിയുടെ ഗ്യാരന്റിയാണ്.”
മൂന്നാംഘട്ട പ്രചാരണത്തിനായി വീണ്ടും കേരളത്തിലെത്തിയതാണ് പ്രധാനമന്ത്രി. ചങ്ങനാശ്ശേരി എൻഎസ്എസ് കോളജിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ അദ്ദേഹം പിന്നീട് റോഡുമാർഗം തിരുവല്ലയിലെത്തി. അനൂപ് ആന്റണി ഉൾപ്പെടെ 11 സ്ഥാനാർഥികൾ തിരുവല്ലയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിനുശേഷം തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോ നടക്കും.
