Home » Blog » Kerala » അനന്തഭദ്രത്തിൽ നിന്ന് പൃഥ്വിയെ മാറ്റാനായി ദിലീപ് വിളിച്ചു: വെളിപ്പെടുത്തലുമായി തിരക്കഥകൃത്ത്
a6fa9d1a73bc771823e2324a710ad35c156bbc6e3cbada98dc33d966491eb458.0

മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി ഹൊറർ ചിത്രങ്ങളിൽ ഒന്നായിരുന്നു അനന്തഭദ്രം. സന്തോഷ് ശിവൻ സംവിധാനം ചെയ്‌ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സുനിൽ പരമേശ്വരൻ ആയിരുന്നു. ചിത്രത്തിൽ നായകനായി പൃഥ്വിരാജും നായികയായ കാവ്യ മാധവനുമാണ് അഭിനയിച്ചത്. എന്നാൽ ആ സമയത്ത് വേഷത്തിനായി ദിലീപ് തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ സുനിൽ പരമേശ്വരൻ. ഡിഎൻഎ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുനിൽ പരമേശ്വരന്റെ വാക്കുകൾ
ഒരു കാര്യം പറയട്ടെ, എനിക്ക് വളരെയധികം ഇഷ്‌ടമുള്ള ഒരാളാണ് പൃഥ്വിരാജ്. നല്ല ആത്മബന്ധം ഉണ്ടായിരുന്ന ഒരാൾ, നല്ല കഴിവുള്ള ഒരാൾ. അദ്ദേഹത്തിന്റെ പിതാവ് സുകുമാരൻ ചേട്ടനുമായിട്ട് എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. ഒരു വ്യത്യസ്‌തനായിട്ടുള്ള ഒരു നല്ല മനുഷ്യനായിരുന്നു സുകുമാരൻ ചേട്ടൻ. നല്ല നന്മയുള്ള ആൾ, കുടുംബത്തെ സ്നേഹിച്ചിരുന്നയാൾ. മല്ലിക ചേച്ചിയുമായിട്ടും എനിക്ക് ആ ബന്ധമുള്ള അടുപ്പമുള്ള ആളാണ്.

ഞാൻ കരിക്കകം ക്ഷേത്രത്തിൽ പോവുമ്പോൾ അവിടെ വന്ന് മക്കൾക്ക് വേണ്ടിയിട്ടും, കൊച്ചുമക്കൾക്ക് വേണ്ടി, അവരുടെ ഭാര്യമാർക്കും ഒക്കെ വേണ്ടിയിട്ട്, വൈകുന്നേരം നേരത്ത് ഒരു നാലുമണി ആകുമ്പോൾ വന്ന് ഓരോ വഴിപാടുകൾ ചെയ്യുന്ന ആളായിരുന്നു മല്ലിക ചേച്ചി. പിന്നെ ഇതൊക്കെ ചെയ്‌തു പോകും. പരിഹാരങ്ങളൊക്കെ ചെയ്‌തു പോകും. ഒന്നിനും വേണ്ടിയിട്ടല്ല, ഒരു അമ്മുമ്മയുടെ, ഒരു അമ്മയുടെ മനസിന്റെ തൃപ്‌തിയാണ്.

എത്രകാലമായി എത്ര നേരമാണ് അങ്ങനെ ചെയ്യുന്നത്? മല്ലിക ചേച്ചി നല്ല അമ്മയാണ്, നല്ല അമ്മുമ്മയാണ്. അപ്പൊ, അവിടുന്ന് കാണുമ്പോൾ സുനിലേ എന്തുണ്ട് വിശേഷം സ്വാമി ആയില്ലേ? ഇതൊക്കെ ചോദിക്കുമായിരുന്നു. ആ അങ്ങനെ ഒരു നല്ല സ്ത്രീയാണ്, അവര് ശരിയെന്ന് തോന്നുന്നത് കൃത്യമായിട്ട് പറയും. അപ്പൊ, ഞാൻ ചോദിക്കും, എപ്പോഴും അമ്പലത്തിലൊക്കെ വരുമോ? എന്ന്. പിന്നെ, എല്ലാവർക്കും അറിയാംഅതെന്നാണ് പറഞ്ഞത്. കരിക്കകം ക്ഷേത്രത്തിൽ ആണ് വരാറുള്ളത്.
ഞാൻ പറഞ്ഞു വന്നത് കരിക്കകം ക്ഷേത്രത്തിൽ മല്ലിക ചേച്ചി വന്നിട്ട് ഈ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും കൊച്ചുമക്കൾക്കും എല്ലാം വേണ്ടി പരിഹാരങ്ങൾ ചെയ്യാറുണ്ട്. എനിക്ക് വളരെ അത്ഭുതം തോന്നി. അമ്മമാരുടെ സ്നേഹം കണ്ടില്ലേ? അമ്മയെ തല്ലി, അമ്മയെ അടിച്ച് ഒരു പെൺകുട്ടി വാരിയെല്ല് ഓടിച്ചു എന്നൊക്കെ വാർത്ത കേൾക്കുന്ന സമയമാണ്.

അങ്ങനെയുള്ള കാലത്താണ് മക്കൾക്കും കൊച്ചുമക്കൾക്കും ഭാര്യമാർക്കും ഒക്കെ വേണ്ടി അവർ ഈ പരിഹാരം ചെയ്യുന്നത്. എനിക്ക് വളരെ മതിപ്പ് തോന്നി. കൊച്ചു കുട്ടികളാണ്, സുകുമാരേട്ടൻ മരിക്കുമ്പോൾ ഈ പൃഥ്വിരാജും ഇന്ദ്രജിത്തും ഒക്കെ. ഞാനിപ്പോൾ പൃഥ്വിരാജിനെ കണ്ടിട്ട് എത്രയോ വർഷമായി. ഞാൻ അവസാനം കണ്ടത് ആ മാടമ്പുലി എന്ന് പറഞ്ഞ മേജർ രവി പടത്തിന് വേണ്ടി കഥ പറയുമ്പോഴാണ്. എപ്പോഴും ഞാൻ ഈ മുഖത്ത് അടിച്ചു പറയുന്ന ആളാണ്.
പൃഥ്വിരാജ് അങ്ങനെ മനസ്സിൽ വെച്ച് പെരുമാറുന്ന ആളല്ല. ഇതുപോലെ തുറന്നു പറയുന്ന ഒരാളാണ്. ഞാൻ പിന്നെ അദ്ദേഹത്തെ കണ്ടിട്ടുമില്ല. ഇന്ദ്രജിത്തിനെ ഒരിക്കൽ ഞാൻ ഏതോ സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ പരിചയപ്പെട്ടിരുന്നു. പിന്നെ കണ്ടിട്ടില്ല. അവർക്ക് അമ്മ എന്ന് പറഞ്ഞാൽ ജീവനാണ്. ഓരോ കുട്ടികൾ അമ്മമാരേ ഉപദ്രവിക്കുന്ന കാലമാണ്.

പൃഥ്വിരാജിലേക്ക് വന്നാൽ, അദ്ദേഹം മലയാള സിനിമയിലേക്ക് തിരിച്ചു വരണം. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് എതിരെ ഞാൻ പറഞ്ഞിട്ടുണ്ട്, ആ സിനിമ എനിക്ക് ഇഷ്‌ടപ്പെട്ടിരുന്നില്ല. ആ കാഴ്‌ചപ്പാടോ, എഴുത്തിനെ കുറിച്ചോ എനിക്ക് മതിപ്പ് തോന്നിയില്ല. അതൊരു സാധാരണ സിനിമ മാത്രമായാണ് തോന്നിയത്. അല്ലെങ്കിൽ ഒരു പ്രതികാര കഥയായി മാത്രമാണ് തോന്നിയത്. നല്ല അഭിപ്രായം ഞാൻ പറഞ്ഞിട്ടില്ല.
പക്ഷേ, പൃഥ്വിരാജ് എന്ന നടനെയോ സംവിധായകനെയോ മലയാള സിനിമയിൽ നിന്ന് മാറ്റി നിർത്തരുത്. ഞങ്ങൾ തമ്മിൽ ഒരു പിണക്കവും ഇല്ല. അയാളെ എനിക്ക് പിണക്കാൻ പറ്റില്ല. അങ്ങനെ മാറ്റി നിർത്താൻ കഴിയുന്ന ആളല്ല പൃഥ്വിരാജ്. സുകുമാരന്റെയും മല്ലികയുടെയും മകനാണ് പൃഥ്വിരാജ്. നല്ല അമ്മയുടെ, നല്ല പിതാവിന്റെ മക്കളാണ്. അവർ മലയാളത്തിലേക്ക് തിരിച്ചു വരണം. നല്ല കാഴ്‌ചപ്പാടുള്ള ആളാണ് പൃഥ്വിരാജ്.

പണ്ട് അനന്തഭദ്രം ഷൂട്ട് തുടങ്ങാൻ ഇരിക്കുമ്പോൾ, അന്ന് ദിലീപ് കാവ്യ മാധവനെ കല്യാണം കഴിച്ചിട്ടില്ല. ഭദ്രയായി ആര് വേണമെന്ന് ചോദിച്ചപ്പോൾ മണിയൻപിള്ള ചേട്ടനാണ് പറഞ്ഞത് കാവ്യ മതിയെന്ന്. അപ്പോൾ സന്തോഷ് ശിവന്റെ വീട്ടിൽ നിന്ന് ഞാൻ തിരക്കഥ എഴുതുമ്പോൾ ഒരിക്കൽ ദിലീപ് വിളിച്ചു, അനന്തഭദ്രത്തിലെ റോൾ എനിക്ക് തരുമോ എന്ന് ചോദിച്ചു കൊണ്ട്. അപ്പോൾ ഞാൻ പറഞ്ഞു ദിലീപേ അത് പൃഥ്വിരാജിനെ ഫിക്‌സ് ചെയ്‌തു പോയെന്ന്.
ഒന്ന് ആലോചിക്കാൻ പറ്റുമോ എന്നാണ് എന്നോട് ചോദിച്ചത്. അന്നൊരു മാർക്കറ്റ് വാല്യൂവും ഇല്ലാത്ത കാലമാണ് പൃഥ്വിക്ക്. വെറും 5 ലക്ഷം രൂപയാണ് കൊടുത്തത്. ദിലീപ് കത്തി ജ്വലിക്കുന്ന സമയമാണ്. ആരാണെങ്കിലും മാറ്റിയേനെ. പക്ഷേ ഞാൻ ആണെങ്കിലും സന്തോഷ് ശിവൻ ആണെങ്കിലും മണിയൻപിള്ള ചേട്ടൻ ആണെങ്കിലും ആ കഥാപാത്രം മാത്രമാണ് നോക്കിയത്.

അനന്തൻ എന്ന കഥാപാത്രം അവതരിപ്പിക്കാൻ പൃഥ്വിരാജാണ് ഏറ്റവും നല്ലതെന്ന് തോന്നി. പിന്നീട് ദിലീപ് പരാതിയൊന്നും പറഞ്ഞിട്ടില്ല. ആ കഥാപാത്രം പൃഥ്വിരാജ് നന്നായി ചെയ്‌തു. ദിഗംബരൻ അനന്തനിലേക്ക് കേറുമ്പോൾ ചില മാനറിസങ്ങൾ ചെയ്‌തപ്പോൾ എത്ര മനോഹരമായിരുന്നു. നല്ല കലാകാരന്മാരുടെ മകനാണ് പൃഥ്വിരാജ്.