Home » Blog » Kerala » അഞ്ചുവർഷം കൊണ്ട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഓക്സിജൻ ബെഡുകളുടെ എണ്ണം 30ൽ നിന്നും 930ലേക്ക് ഉയർത്തി: മന്ത്രി വീണാ ജോർജ്
Veena-George-1-680x450

 

ട്രോമാകെയർ യൂണിറ്റും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഉൾപ്പെടെ 56.75 കോടിയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

 

അഞ്ച് വർഷം കൊണ്ട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഓക്സിജൻ ബെഡുകളുടെ എണ്ണം 30ൽ നിന്നും 930 ആക്കി ഉയർത്താൻ കഴിഞ്ഞത് ആരോഗ്യമേഖലയിലെ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന് തെളിവാണെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ട്രോമാകെയർ യൂണിറ്റും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഉൾപ്പെടെയുള്ള 56.75 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

കോവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്ര ഘട്ടത്തിൽ നേരിട്ട പ്രതിസന്ധികളെ അതിജീവിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയും വലിയൊരു നേട്ടം കൈവരിക്കാൻ സാധിച്ചത് കൃത്യമായ ആസൂത്രണത്തിന്റെ ഫലമാണെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജിന്റെ ഭൗതിക സാഹചര്യങ്ങളും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായി 20. 73 കോടി രൂപ ചെലവിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും 34.76 കോടി രൂപ ചെലവിൽ ട്രോമ കെയർ യുണിറ്റും നിർമ്മിച്ചു. 173 കോടി രൂപയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ 200 ബെഡുകളും 50 ഐ.സി.യു ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്. കാർഡിയോളജി വിഭാഗത്തിൽ ത്രീഡി മാപ്പിംഗ് സൗകര്യമുള്ള കാത്ത് ലാബ്, സി.ടി സ്കാൻ, ഡിജിറ്റൽ ഫ്ലൂറോസ്കോപ്പി തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും ഒരുക്കി. കൂടാതെ, ഗൈനക്കോളജി വിഭാഗത്തിനായി 30 കോടി രൂപയുടെ പ്രത്യേക ബ്ലോക്കും, പ്ലാസ്റ്റിക് സർജറി, നിയോനാറ്റോളജി തുടങ്ങിയ പുതിയ വിഭാഗങ്ങളും ആരംഭിച്ചു. ദേശീയപാത വികസനത്തിനായി പൊളിച്ചുമാറ്റിയ കോളേജിന്റെ ചുറ്റുമതിൽ 1.26 കോടി രൂപ ചെലവിൽ പുനർനിർമ്മിക്കാനുള്ള നടപടികൾ തുടങ്ങിയതായും 20 പുതിയ പി.ജി സീറ്റുകൾ അനുവദിച്ചതായും മന്ത്രി പറഞ്ഞു. വികസനത്തിന്റെ ഈ യാഥാർത്ഥ്യം ജനങ്ങൾക്ക് ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടാൻ ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

 

ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ മുഖ്യാതിഥിയായി. കോവിഡ്, നിപ്പ, പ്രളയം തുടങ്ങിയ മഹാമാരികളെ അതിജീവിച്ച സർക്കാർ കഴിഞ്ഞ 10 വർഷമായി കേരളത്തിന്റെ ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയതെന്ന് മന്ത്രി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് സർജറി, ചലനശേഷി നഷ്ടപ്പെട്ടവർക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ജി ഗൈറ്റർ പദ്ധതി എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഇന്ത്യയിൽ ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് കേരളത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യകൾ കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ശരിയായി വിന്യസിച്ചതും 5500ൽപരം ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ തുടങ്ങിയവരെ പിഎസ് സി വഴി നിയമിച്ചതുമായ 10 വർഷമാണിതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ സൗജന്യമായി സാധാരണക്കാരന് ലഭ്യമാക്കുന്നത് സർക്കാരിന്റെ ഏറ്റവും മികച്ച നേട്ടമാണെന്ന് എംഎൽഎ പറഞ്ഞു. സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10,000 കോടിയിൽപരം രൂപയാണ് സർക്കാർ ചെലവഴിച്ചത്. 8425 കോടി രൂപ സൗജന്യ ചികിത്സയ്ക്കായി ചെലവഴിച്ചുവെന്നും അമ്പലപ്പുഴ മണ്ഡലത്തിന്റെ ആരോഗ്യ മേഖലയിൽ മാത്രം കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 350 കോടിയുടെ വികസനമാണ് നടന്നതെന്നും എംഎൽഎ പറഞ്ഞു.

 

മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് എ മഹേന്ദ്രൻ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അനിത സതീഷ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ടി ഷാജിമോൻ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ജെ ജീതു, ഷീജ നൗഷാദ്, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് എ ഹരികുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ, അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം പി സലിം, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

34.76 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലാണ് ട്രോമാ കെയർ യൂണിറ്റിൻ്റെ നിർമാണം പൂർത്തിയാക്കിയത്. 5206 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് നാല് നിലകളിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കം സെൻട്രൽ ലൈബ്രറി പൂർത്തീകരിച്ചത്. 20.73 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലും സെൻട്രൽ ലൈബ്രറിയ്ക്കായി വിശാലമായ ഹാളുകളാണുള്ളത്. രണ്ടാം നിലയിൽ ഓഫീസും ആധുനികവും വിശാലമായ സ്ഥല സൗകര്യങ്ങളുമുണ്ട്.

 

കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവർ മുൻകൈയെടുത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്നും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ടുകൾ മുഖേനയാണ് ഡയാലിസിസ് മെഷീനുകളടങ്ങിയ ഡയാലിസിസ് റൂം സജ്ജമാക്കിയത്. ദേശീയപാത വികസനത്തെ തുടർന്ന് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പുതിയ അതിർത്തികൾ നിർണ്ണയിക്കേണ്ട സാഹചര്യമുണ്ടായ പശ്ചാത്തലത്തിലാണ് ചുറ്റുമതിൽ നിർമ്മിക്കുന്നത്. കോളേജ് ചുറ്റുമതിൽ, പ്രധാന കവാടം എന്നിവയുടെ നിർമ്മാണത്തിന് 1,26,91,600 രൂപയാണ് അനുവദിച്ചിരിക്കുന്നത്.