Home » Top News » kerala Mex » ‘അഖണ്ഡ 2’ ചിത്രത്തിൻ്റെ റിലീസ് മാറ്റിവെച്ചു; ബാലയ്യ ആരാധകർ നിരാശയിൽ
Akhanda-2-680x450

ന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് ‘അഖണ്ഡ 2’. സൂപ്പർഹിറ്റായ ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരുന്നത്. എന്നാൽ, ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയുമായിട്ടാണ് ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

‘അഖണ്ഡ 2’ ന്റെ റിലീസ് മാറ്റിവെച്ചതായി നിർമ്മാതാക്കളായ 14 റീൽസ് പ്രഖ്യാപിച്ചു. നിർമ്മാതാക്കളുടെ മുൻ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളാണ് ഈ ബാലയ്യ ചിത്രം പുറത്തിറങ്ങുന്നതിന് തടസ്സമായത്. പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സിനിമ പ്രേമികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും നിർമ്മാതാക്കൾ എക്സിലൂടെ അറിയിച്ചു. ആദ്യഭാഗത്തേക്കാൾ വലിയ കാൻവാസിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക. എന്നാൽ, റിലീസ് മാറ്റിവെച്ചതോടെ വലിയ ആഘോഷങ്ങൾക്ക് ഒരുങ്ങിയിരുന്ന ബാലയ്യ ആരാധകർ കടുത്ത നിരാശയിലാണ്.

ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നടൻ ആദി പിന്നിസെട്ടിയാണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ബോയപതി ശ്രീനു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം, 14 റീൽസ് പ്ലസിന്റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ് നിർമ്മിക്കുന്നത്. എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്ന ഈ സിനിമയ്ക്ക് വേണ്ടി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സി. രാംപ്രസാദ്, സന്തോഷ് ഡി. എന്നിവരും സംഗീതം നൽകിയിരിക്കുന്നത് തമൻ എസ്. ഉം ആണ്.