Home » Blog » kerala Max » ‘WES 2026’ സംസ്ഥാനതല വനിതാ സംരംഭകത്വ സമ്മിറ്റ് ജൂൺ 20-ന് കോഴിക്കോട്ട്
14

കോഴിക്കോട്: മാറുന്ന ഡിജിറ്റൽ യുഗത്തിൽ മലയാളി വനിതകളുടെ സംരംഭകത്വ മികവ് ആഗോളതലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വുമൺസ് വിങ് കേരള സംഘടിപ്പിക്കുന്ന സംസ്ഥാനതല സംഗമം ‘വെസ്‌ 2026’ (വനിതാ സംരംഭകരുടെ ഒത്തുകൂടല്‍) ജൂൺ 20 ശനിയാഴ്ച കോഴിക്കോട് കെ.പി.എം ട്രൈപൻഡ ഹോട്ടലിൽ വെച്ച് നടക്കും. രാവിലെ 10.00 മണിക്ക് ആരംഭിക്കുന്ന സമ്മിറ്റിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ സംരംഭകർ പങ്കെടുക്കും.

സ്ത്രീകളുടെ തനതായ വ്യക്തിത്വവും ധാർമ്മിക മൂല്യങ്ങളും മുറുകെപ്പിടിച്ചുകൊണ്ട് ബിസിനസ്സ് രംഗത്ത് വിജയം നേടാൻ വനിതകളെ പ്രാപ്തരാക്കുകയാണ് സമ്മിറ്റിന്റെ ലക്ഷ്യം. നിലവിലുള്ള ബിസിനസ്സുകൾ വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും പുതുതായി കടന്നു വരുന്നവർക്കും ആവശ്യമായ പ്രൊഫഷണൽ മാർഗ്ഗനിർദ്ദേശങ്ങൾ സമ്മിറ്റ് ഉറപ്പു നൽകുന്നു.

ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പ്രമുഖ വിദഗ്ദ്ധർ നയിക്കുന്ന മൂല്യാധിഷ്ഠിത ബിസിനസ്സ് (പി.എ ഷമീല്‍ സജ്ജാദ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഇസ്‌ലാമിക് എക്കണോമിക്‌സ്‌, സമീര്‍ കാളികാവ് എക്‌സിക്യൂട്ടീവ് മെമ്പര്‍- ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഇസ്‌ലാമിക് എക്കണോമിക്‌സ്‌ (ഐ.എ.എഫ്.ഐ.ഇ) ഡോ. നസ്‌റീന കെ.കെ വൈസ് പ്രസിഡണ്ട്‌, ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഇസ്‌ലാമിക് എക്കണോമിക്‌സ്‌) വനിതാ നേതൃത്വം (റുക്‌സാന പി വൈസ് പ്രസിഡണ്ട്, ജമാഅത്തെ ഇസ്‌ലാമി വുമണ്‍സ് വിംഗ് കേരള), ഡിജിറ്റൽ മാർക്കറ്റിംഗ് & ബ്രാൻഡിംഗ് (രിഫാത്ത് റഹ്‌മാന്‍ കോ ഫൗണ്ടര്‍ – കേപ്പിയോ ഇന്ററാക്ടീവ്‌), ബിസിനസ്സ് ഡിസൈൻ തിങ്കിംഗ് (ആയിഷ സമീഹ, ഫൗണ്ടര്‍ ഓഫ് കോഡര്‍ഫിന്‍) തുടങ്ങിയ സെഷനുകൾ സമ്മിറ്റിന്റെ ഭാഗമായി നടക്കും. പ്രമുഖ വനിതാ സംരംഭകർ തങ്ങളുടെ ബിസിനസ്സ് യാത്രകൾ പങ്കുവെക്കുന്ന പാനൽ ചർച്ചയും, ബിസിനസ്സ് പ്രതിസന്ധികൾക്ക് പരിഹാരം കാണാനുള്ള പ്രത്യേക കൺസൾട്ടേഷൻ ഡെസ്കുകളും (ഡോ. നിഷാദ് വി.എം, ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഫാരിസ് ഒ.കെ, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ & ഫിനാന്‍സ് മാനേജര്‍, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍, ഡോ. മുഹമ്മദ് ഷാഫി, അസോസിയേറ്റ് പ്രൊഫസര്‍ എന്‍.ഐ.ടി കാലിക്കറ്റ്‌) ഹാളിൽ സജ്ജീകരിച്ചിട്ടുണ്ട്.

കേരളത്തിലെ വനിതാ ശാക്തീകരണത്തിൽ വലിയൊരു ചുവടുവെപ്പാകുന്ന ഈ പരിപാടിയിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് സാജിത പി.ടി. പി അറിയിച്ചു. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി റജീന ബീഗം, വൈസ് പ്രസിഡന്റുമാരായ പി. റുക്‌സാന, കെ.ടി. നസീമ എന്നിവർ പങ്കെടുത്തു.