driving car on the motorway with heavy rain and fog
ശക്തമായ ശൈത്യകാല കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും അമേരിക്കയിലെ 23 സംസ്ഥാനങ്ങളിൽ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിശൈത്യം മൂലം അഞ്ച് പേർക്ക് ജീവൻ നഷ്ടമാവുകയും 10 ലക്ഷത്തോളം പേർക്ക് വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. പതിമൂവായിരത്തോളം വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രാക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്.
അരിസോണ മുതൽ അമേരിക്കയുടെ പകുതിയിലധികം ഭാഗങ്ങളും രൂക്ഷമായ മഞ്ഞുവീഴ്ചയുടെയും ഐസ് മഴയുടെയും പിടിയിലാണ്. ഏകദേശം 180 ദശലക്ഷം ആളുകളെ ഈ കാലാവസ്ഥ ബാധിക്കുമെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു. ലൂസിയാന, മിസിസിപ്പി, ടെന്നസി തുടങ്ങിയ സംസ്ഥാനങ്ങളിൽ മരങ്ങൾ കടപുഴകാനും വൈദ്യുതി ലൈനുകൾ തകരാനും സാധ്യതയുള്ളതിനാൽ ഒരു ചുഴലിക്കാറ്റിന് സമാനമായ നാശനഷ്ടങ്ങൾ ഉണ്ടായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ചരിത്രപരമായ കൊടുങ്കാറ്റെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഇതിനെ വിശേഷിപ്പിച്ചത്. റോഡുകളിൽ മഞ്ഞ് കുന്നുകൂടിയത് അപകടസാധ്യത വർദ്ധിപ്പിച്ചെങ്കിലും മുൻകരുതൽ നടപടികൾ മൂലം വലിയ അപകടങ്ങൾ ഒഴിവാക്കാനായി. പ്രധാന നഗരങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ശനിയാഴ്ച ആരംഭിച്ച മഞ്ഞുവീഴ്ച തിങ്കളാഴ്ച വരെ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
