കഞ്ചാവ് കേസും പുലിപ്പല്ല് കേസും നേരിടുന്ന റാപ്പര്‍ വേടന്‍ കൊച്ചി ഡിസിസി ഓഫീസിലെത്തി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കണ്ടു. മോന്‍സണ്‍ ബന്ധത്തിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയും ഒപ്പമുണ്ടായിരുന്നു. സിപിഎമ്മുമായി അടുപ്പം പുലര്‍ത്തിയിരുന്ന വേടന്‍ ഭരണമാറ്റം ആയതോടെയാണ് കോണ്‍ഗ്രസ് ഓഫീസില്‍ എത്തിയത്. വേടന്‍ കൈവശം വച്ചത് പുലിപ്പല്ല് തന്നെ ആണെന്ന് കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതോടെ മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി വനംവകുപ്പ് വേടനെതിരെ കേസ് എടുത്തിട്ടുണ്ട്. കേസിൽ ഉടൻ കുറ്റപത്രം നൽകാന്‍ ഒരുങ്ങുകയുമാണ് വനംവകുപ്പ് അധികൃതര്‍. ഈ ഘട്ടത്തില്‍ തന്നെയാണ് വേടന്‍ ഡിസിസി ഓഫീസില്‍ എത്തിയത്.
മുഹമ്മദ് ഷിയാസ് സ്വന്തം ഫെയ്സ് ബുക്ക് പേജിലാണ് വേടന്‍ എത്തുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. കേസില്‍ നിന്നും രക്ഷപ്പെടാനുള്ള വരവാണിതെന്ന സൂചനയുള്ള കമന്റുകള്‍ ഫെയ്സ് ബുക്ക് പോസ്റ്റിനു താഴെ വന്നിട്ടുണ്ട്. ഇന്നലെ വരെ വരാത്തവര്‍ ഇന്ന് വരുമ്പോള്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും എന്ന കമന്റ് ആണ് പോസ്റ്റിനെ താഴെ രേഖപ്പെടുത്തിയിരിക്കുന്നത്. പുലിപ്പല്ല് ആണെന്ന് ശാസ്ത്രീയമായി തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ കേസില്‍ വേടന്‍ ജാമ്യം നേടിയത്. പുലിപ്പല്ല് ആണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ വേടന്‍ നിയമക്കുരുക്കിലാണ്. രക്ഷപ്പെടണമെങ്കില്‍ ഭരണത്തിന്റെ തണല്‍ വേണം. ഇതുകൊണ്ടൊക്കെ തന്നെയാണ് വേടന്റെ സന്ദര്‍ശനം ശ്രദ്ധിക്കപ്പെട്ടത്. പെണ്‍കേസ് പോലെ എളുപ്പം ഊരിപ്പോരാവുന്ന കേസ് അല്ലാത്തതിനാല്‍ വേടന്‍ പെടാനാണ് സാധ്യത.
വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ പുലിപ്പല്ല് ഒറിജിനല്‍ ആണെന്ന് തെളിഞ്ഞിരുന്നെങ്കിലും ശാസ്ത്രീയ പരിശോധനയ്ക്ക് അധികൃതര്‍ കാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലീസ് പരിശോധനയാണ് വേടനെ കുടിക്കിയത്. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽ പോലീസ് പരിശോധന നടത്തിയപ്പോള്‍ അന്ന് വേടൻ ഉൾപ്പെടെ ഒമ്പത് പേരെ ആറ് ഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് തന്നെയാണ് വേടന്‍ പുലിപ്പല്ല് ധരിച്ചത് മനസിലാക്കി ഇത് പോലീസ് പിടിച്ചെടുത്ത് വനംവകുപ്പിനെ അറിയിച്ചത്. ഒരു ശ്രീലങ്കന്‍ ആരാധകന്‍ തനിക്ക് സമ്മാനിച്ചതാണ് പുലിപ്പല്ലേന്നാണ് വേടന്‍ പറഞ്ഞത്. ഇതാരാണ് എന്ന് ഇതേവരെ വ്യക്തമായിട്ടില്ല. വേടന് എതിരേ കേസ് എടുത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ വനംവകുപ്പ് മന്ത്രി ശശീന്ദ്രന്‍റെ നിലപാടിനെതിരെ രോഷം ഉയര്‍ന്നിരുന്നു.
