Home » Blog » Kerala » അമ്മയുമായുള്ള ബന്ധം മുതലെടുത്ത്‌ മകളെ പീഡിപ്പിച്ചു; പോക്സോ കേസില്‍ വ്യാപാരി അകത്തായി
police

കിളിമാനൂര്‍: അമ്മയുമായുള്ള ബന്ധം മുതലെടുത്ത്‌ മകളെ പീഡിപ്പിച്ച കേസില്‍ വ്യാപാരി അകത്തായി. പോക്സോ കേസിലാണ് വ്യാപാരിയായ ബിജു (52) അറസ്റ്റിലായത്. പതിനഞ്ചുകാരിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ അമ്മയുമായി ബിജുവിന് അടുപ്പമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്താറുള്ളത്. ഈ സമയത്ത് തന്നെയാണ്പീഡനവും നടന്നത്. സിഡബ്ല്യുസിയുടെ കൗണ്‍സിലിംഗിനിടയിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇതോടെ ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയും ബിജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുട്ടിയുടെ അമ്മ ബിജുവിന്റെ കടയില്‍ മുന്‍പ് ജോലി ചെയ്തിരുന്നു. ഈ അടുപ്പം നിലനിര്‍ത്തിയാണ് ബിജു ഇവരുടെ വീട്ടിലുമെത്തിയത്. കുട്ടിയുടെ അമ്മ ഭര്‍ത്താവുമായി അകന്നുകഴിയുകയാണ്. പീഡനത്തിന് അമ്മയുടെ ഒത്താശയുണ്ടോ എന്ന് വ്യക്തമല്ല. ബിജുവിനെ ഇന്നലെ അറസ്റ്റ് ചെയ്ത ശേഷം ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തിട്ടുണ്ട്. പതിനാലു ദിവസത്തേക്കാണ് റിമാന്‍ഡ്‌ ചെയ്തത്. ഇയാളെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെടും. ചോദ്യം ചെയ്യുമ്പോഴേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ. ഇയാള്‍ മറ്റു പീഡനങ്ങള്‍ നടത്തിയോ എന്നുള്ള കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

വ്യാപാരി വ്യവസായി ഏകോപനസമിതിയുടെയും പിന്നീട് വ്യാപാരിവ്യവസായിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു ബിജു.  നിലവില്‍ രണ്ട് സമിതികളില്‍ നിന്നും പുറത്താക്കപ്പെട്ട അവസ്ഥയിലാണ്. കോവിഡ് കാലത്ത് റേഷനരി കടയിലെത്തിച്ച് മറിച്ചുവിറ്റ കേസില്‍ ഇയാള്‍ക്കെതിരെ കേസ് നടക്കുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.