Home » Blog » Kerala » പാകിസ്ഥാനികൾ 2025-ൽ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞത് ഈ ഇന്ത്യൻ താരത്തെ, കാരണമിതാണ്
53703616756b6f82ae72ea16e2216390c160eafb743a81f4496ee50bada6a578.0

2025-ന്റെ അവസാനത്തോടടുക്കുമ്പോൾ, ഈ വർഷം ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്. അതിനിടയിൽ, പാകിസ്ഥാനികൾ 2025-ൽ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ കായിക താരം ഇന്ത്യയിൽ നിന്നുള്ള വിരാട് കോഹ്‌ലിയോ, രോഹിത് ശർമ്മയോ, ജസ്പ്രീത് ബുംറയോ അല്ല എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.

ആരാണ് ഈ യുവബാറ്റർ?

ഇന്ത്യയുടെ യുവ ബാറ്റിംഗ് സെൻസേഷൻ അഭിഷേക് ശർമ്മയാണ് 2025-ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞ കായികതാരം. ഈ വർഷം ട്വന്റി20 ക്രിക്കറ്റിൽ അതിവേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരം എന്ന റെക്കോർഡ് അഭിഷേക് സ്വന്തമാക്കിയിരുന്നു. കൂടാതെ, ഏഷ്യാ കപ്പിൽ 314 റൺസ് അടിച്ചുകൂട്ടി ഇന്ത്യയുടെ കിരീട നേട്ടത്തിൽ അഭിഷേക് നിർണായക പങ്കുവഹിച്ചു. ടൂർണമെന്റിൽ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 200 ആയിരുന്നു.o

ത്രില്ലടിപ്പിച്ച ഇന്ത്യാ-പാക് പോരാട്ടം

പാകിസ്ഥാനി ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ അഭിഷേക് ശർമ്മയിലേക്ക് തിരിയാൻ പ്രധാന കാരണം ഏഷ്യാ കപ്പ് സൂപ്പർ 4 ഘട്ടത്തിൽ പാകിസ്ഥാനെതിരായ പ്രകടനമാണ്. ആ മത്സരത്തിൽ 39 പന്തിൽ 74 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. ഈ ഇന്നിംഗ്‌സിലെ തകർപ്പൻ പ്രഹരശേഷിയാണ് പാകിസ്ഥാനിലെ ക്രിക്കറ്റ് പ്രേമികളുടെ കണ്ണ് അഭിഷേകിലേക്ക് തിരിയാൻ കാരണം.

2025-ൽ മാത്രം 17 ടി20 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയടക്കം 756 റൺസാണ് അഭിഷേക് നേടിയത്. പാകിസ്ഥാൻ അടക്കമുള്ള ലോക ക്രിക്കറ്റ് ടീമുകൾ ഏറ്റവുമധികം പേടിക്കുന്ന ഇന്ത്യൻ യുവതാരങ്ങളിൽ ഒരാളായി അഭിഷേക് മാറിയെന്നതിന്റെ സൂചനയായാണ് ഈ ഗൂഗിൾ തിരച്ചിൽ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.

ഏറ്റവും തിരഞ്ഞ മത്സരം

അതേസമയം, പാകിസ്ഥാനിലുള്ളവർ ഏറ്റവും കൂടുതൽ തിരഞ്ഞ ക്രിക്കറ്റ് മത്സരം ഇന്ത്യ – പാക് പോരാട്ടമോ, പാകിസ്ഥാൻ സൂപ്പർ ലീഗോ, ഏഷ്യാ കപ്പോ അല്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. പാകിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരത്തിന്റെ വിശേഷങ്ങളറിയാനാണ് ഏറ്റവും കൂടുതൽ പാകിസ്ഥാനികളും ഗൂഗിളിനെ ആശ്രയിച്ചതെന്നും കണക്കുകൾ പറയുന്നു..