സിലുഗുരിക്ക് അടുത്തുള്ള ഗോസൈൻപൂരിലേക്കാണ് അവസാന നിമിഷം സമ്മേളന വേദി മാറ്റിയത്. ഈ മാറ്റം കാരണം ദൂരപ്രദേശങ്ങളിൽ നിന്നെത്തിയ പല സന്താൾ വിഭാഗക്കാർക്കും പരിപാടിയിൽ എത്താൻ കഴിഞ്ഞില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. ലക്ഷക്കണക്കിന് ആളുകൾക്ക് ഒത്തുചേരാൻ കഴിയുന്ന വലിയ മൈതാനങ്ങൾ സമീപത്തുണ്ടായിട്ടും സൗകര്യം കുറഞ്ഞ ഇടം തിരഞ്ഞെടുത്തതിനെ അവർ ചോദ്യം ചെയ്തു. കൂടാതെ, തന്റെ സന്ദർശന വേളയിൽ മുഖ്യമന്ത്രി മമത ബാനർജിയോ മറ്റ് മുതിർന്ന മന്ത്രിമാരോ തന്നെ സ്വീകരിക്കാൻ എത്താതിരുന്നതിനെയും രാഷ്ട്രപതി വിമർശിച്ചു. തന്നെ ബംഗാളിന്റെ മകളായാണ് കാണുന്നതെന്നും മമത തന്റെ അനിയത്തിയെപ്പോലെയാണെന്നും പറഞ്ഞ മുർമു, മുഖ്യമന്ത്രിക്ക് തന്നോട് എന്തെങ്കിലും പിണക്കമുണ്ടോ എന്ന് തനിക്കറിയില്ലെന്നും കൂട്ടിച്ചേർത്തു.

രാഷ്ട്രപതിയുടെ ഈ പരാമർശങ്ങൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. രാജ്യത്തിന്റെ പ്രഥമ പൗരയെ അപമാനിക്കുന്നത് ജനാധിപത്യത്തിന് നാണക്കേടാണെന്നും ഗോത്രവർഗ്ഗക്കാരോടുള്ള സർക്കാരിന്റെ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. എന്നാൽ, പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി മറുപടി നൽകി. രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ചാണ് സ്വീകരണമൊരുക്കിയതെന്നും സിലുഗുരി മേയറും ജില്ലാ മജിസ്‌ട്രേറ്റും രാഷ്ട്രപതിയെ സ്വീകരിച്ചിരുന്നുവെന്നും മമത വ്യക്തമാക്കി.

വിവാദം കനത്തതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ ഇടപെട്ടു. പ്രോട്ടോക്കോൾ ലംഘനം, വേദി മാറ്റം, സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ച എന്നിവയെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ബംഗാൾ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഡി.ജി.പിയും എന്തുകൊണ്ട് രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയില്ല എന്നതിലും കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ ബി.ജെ.പി ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം