കൊച്ചി: ബാലാവകാശ സംരക്ഷണത്തിനാ യി കേരളത്തിൽ കാൽനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സൗരക്ഷിക ഏർപ്പെടുത്തിയ 2026-ലെ പഞ്ചമി പുരസ്കാരം പ്രശസ്ത സാമൂഹ്യപ്രവർത്തകൻ ശ്രീ. കെ.എസ്. രാജേന്ദ്രപ്രസാദിന് സമർപ്പിച്ചു.
പഞ്ചമി ദിനാചാരണത്തോടനുബന്ധിച്ചു ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് വി.ജി. അരുൺ പുരസ്കാര സമർപ്പണം നിർവ്വഹിച്ചു.
അട്ടപ്പാടി കേന്ദ്രീകരിച്ച് വർഷങ്ങളായി ആദിവാസി കുട്ടികളുടെ ക്ഷേമത്തിനായി വിവിധ ഇടപെടലുകൾ നടത്തുകയും ബാലാവകാശ സംരക്ഷണത്തിനായി സ്തുത്യർഹമായ സേവനം കാഴ്ചവെക്കുകയും ചെയ്തതിനാണ് രാജേന്ദ്രപ്രസാദിനെ ഈ വർഷത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
സൗരക്ഷിക സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. ശശിശങ്കറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. പ്രേംകുമാർ സ്വാഗതം ആശംസിച്ചു. രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ മുഖ്യാതിഥിയായിരുന്നു.
ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആർ. പ്രസന്നകുമാർ, KPMS സംസ്ഥാന കമ്മിറ്റി അംഗം എ. രവി ആശംസകൾ നേർന്നു സംസാരിച്ചു. പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് കെ.എസ്. രാജേന്ദ്രപ്രസാദ് മറുപടി പ്രസംഗം നടത്തി. സൗരക്ഷിക എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ. വിദ്യാധരൻ പി. മേനോൻ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
