Home » Blog » Kerala » “യഥാർത്ഥ ഭരണം സുരക്ഷയിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്” – പി. വിജയൻ ഐപിഎസ്
P Vijayan IPS.JPG

കൊച്ചി: ഭരണനിർവഹണം എന്നത് അടിസ്ഥാനപരമായി സുരക്ഷ ഉറപ്പാക്കലാണെന്നും, സുരക്ഷാബോധം ഒരു സംസ്‌കാരമായി സമൂഹത്തിൽ വളരണമെന്നും എ ഡി ജി പി പി. വിജയൻ ഐ പി എസ് പറഞ്ഞു. ജയിൻ യൂണിവേഴിസിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026ന്റെ ഭാ​ഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ​ഇന്നത്തെ യുവാക്കൾ വിവരസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ കൈമുതലായുള്ള ‘മില്ലേനിയൽ’ തലമുറയാണെങ്കിലും, കടുത്ത മത്സരങ്ങൾ നിറഞ്ഞ ലോകത്ത് സമയം ഒട്ടും പാഴാക്കാനില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജീവിതവിജയത്തിന് വൈകാരികമായ കരുത്ത് അത്യാവശ്യമാണ്. പരാജയങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്നും എന്നാൽ പ്രതിസന്ധികളോട് ഒരാൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് അയാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അമിതമായ വിധേയത്വം യുവാക്കളുടെ വൈകാരിക ദൃഢതയെ തകർക്കുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

​ഭരണനിർവഹണത്തെക്കുറിച്ച് സംസാരിക്കവേ, ‘ഭരണം എന്നാൽ സുരക്ഷയാണ്’ എന്ന് അദ്ദേഹം നിരീക്ഷിച്ചു. സുരക്ഷ എന്നത് കുറ്റകൃത്യങ്ങളുടെ അഭാവം മാത്രമല്ല, മറിച്ച് വിശ്വാസത്തിന്റെ സാന്നിധ്യവും ഭയരഹിതമായ അന്തരീക്ഷവുമാണ്. ഇതുതന്നെയാണ് യഥാർത്ഥ മനുഷ്യാവകാശത്തിന്റെ അടിസ്ഥാനം. നിയമങ്ങൾ ശക്തമാണെങ്കിലും ഗതാഗത നിയമങ്ങളോടുള്ള അനാദരവ് മൂലം അനേകം ജീവനുകൾ നഷ്ടപ്പെടുന്നുണ്ട്. സുരക്ഷ എന്നത് അച്ചടക്കത്തിലും ക്ഷമയിലും അധിഷ്ഠിതമായ ഒരു സാമൂഹിക സംസ്‌കാരമായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമൂഹത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ യുവതലമുറയ്ക്കുള്ള സുപ്രധാന ഉത്തരവാദിത്തത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം ​വ്യക്തികളും സ്ഥാപനങ്ങളും ഭരണകൂടവും സംയുക്തമായി പടുത്തുയർത്തേണ്ട ഒന്നാണ് സുരക്ഷ എന്നും സൂചിപ്പിച്ചു.