തിരുവനന്തപുരം, ജനുവരി 23, 2026: എൻഡോസ്കോപ്പിക് സ്കൾ ബേസ് സർജറി (EBOSS) സൊസൈറ്റിയുമായി ചേർന്ന് തിരുവനന്തപുരം കിംസ്ഹെൽത്ത് സംഘടിപ്പിക്കുന്ന ഇബിഒഎസ്എസ്.2 (EBOSS.2) ത്രിദിന അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസ് ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ തിരുവനന്തപുരം ഒ ബൈ തമാരയിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് കോൺഫറൻസ് നടക്കുക. കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും.
കോൺഫറൻസിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത കഡാവറിക്ക് ഡെമോൺസ്‌ട്രേഷനുകളാണ്. ഇതിലൂടെ അത്യാധുനിക എൻഡോസ്കോപ്പിക് രീതികളെക്കുറിച്ച് സമഗ്രമായ അറിവ് നേടാൻ പ്രതിനിധികൾക് സാധിക്കും. സ്കൾ ബേസ് സർജറിയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതിനൊപ്പം, ഈ മേഖലയിലെ ആഗോള വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അപൂർവ അവസരവും പരിപാടിയിൽ പങ്കെടുക്കുന്നവർക് ലഭിക്കും.
തലച്ചോറ്, ബ്രെയിൻസ്റ്റം, പ്രധാന രക്തക്കുഴലുകൾ എന്നിവയോട് ചേർന്നുനിൽക്കുന്ന തലയോട്ടിയിലെ ഏറ്റവും സങ്കീർണ്ണമായ ഭാഗത്തെ മുഴകൾ, രക്തക്കുഴലുകളിലെ തകരാറുകൾ, അണുബാധകൾ, ജന്മനായുള്ളതോ അല്ലാത്തതോ ആയ വൈകല്യങ്ങൾ എന്നിവയ്ക്ക് ചികിത്സ നൽകുന്ന അതിസങ്കീർണ്ണമായ ശസ്ത്രക്രിയാ വിഭാഗമാണ് സ്കൾ ബേസ് സർജറി. അതിൽ തന്നെ കുറഞ്ഞ മുറിവുകളിലൂടെ കൂടുതൽ കൃത്യത ഉറപ്പാക്കുകയും രോഗമുക്തി സമയം കുറയ്ക്കുകയും ചെയ്യുന്ന മിനിമലി ഇൻവേസീവ് പ്രക്രിയയെ പറ്റിയായിരിക്കും മെഡിക്കൽ കോൺഫറൻസിൽ പ്രധാനമായും ചർച്ചകൾ നടക്കുക.
കിംസ്ഹെൽത്ത് ന്യൂറോസർജറി വിഭാഗം സീനിയർ കൺസൾട്ടന്റും കോർഡിനേറ്ററുമായ ഡോ. അജിത് ആർ, ഇ.എൻ.ടി വിഭാഗം കൺസൽട്ടൻറ് ഡോ. വിനോദ് ഫെലിക്സ്, എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന കോൺഫറൻസിൽ ലോകപ്രശസ്തരായ ആറ് സ്കൾ ബേസ് സർജന്മാരിൽ രണ്ട് പ്രമുഖ അന്താരാഷ്ട്ര വിദഗ്ധർ മുഖ്യ ഫാക്കൽറ്റികളായി എത്തും. അമേരിക്കയിലെ യു.പി.എം.സി. സെന്റർ ഫോർ സ്കൾ ബേസ് സർജറി ഡയറക്ടറും ന്യുറോസർജനുമായ ഡോ. പോൾ ഗാർഡ്നർ, എൻഡോസ്കോപിക് സ്കൾ ബേസ് സർജറി കോഴ്‌സ് കോ-ഓർഡിനേറ്ററായും ഹോങ്കോങ്ങിലെ ക്വീൻ എലിസബത്ത് ആശുപത്രിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സർവീസും കൺസൽട്ടൻറ് ന്യുറോസർജനുമായ ഡോ. കാൽവിൻ മാക് എൻഡോസ്കോപ്പിക് ട്രാൻസ്ഓർബിറ്റൽ സർജറി കോഴ്‌സ് കോ-ഓർഡിനേറ്ററായും പ്രവർത്തിക്കും.
ജപ്പാനിലെ ജിക്കെയ് യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ. യൂഡോ ഇഷീ, മലേഷ്യയിലെ യൂണിവേഴ്‌സിറ്റി ഓഫ് മലയയിലെ ഓട്ടോറിനോലാറിംഗോളജി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റും സീനിയർ പ്രൊഫസറുമായ ഡോ. പ്രെപാഗരൻ നാരായണൻ എന്നിവർ ഉൾപ്പെടെ ലോകപ്രശസ്തരായ സ്കൾ ബേസ് സർജൻമാരും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60 ഓളം ദേശീയ ഫാക്കൽട്ടി അംഗങ്ങളും ന്യൂറോസർജൻമാരും ഇ.എൻ.ടി സർജൻമാരും ഉൾപ്പടെ 200 ഓളം പ്രതിനിധികൾ പങ്കെടുക്കും.
സർജിക്കൽ വീഡിയോകൾ, പാനൽ ചർച്ചകൾ എന്നിവ മെഡിക്കൽ കോൺഫറൻസിന്റെ ഭാഗമായി നടക്കും. ഇതിലൂടെ എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലെ പുതിയ രീതികളെക്കുറിച്ച് പങ്കെടുക്കുന്നവർക്ക് വ്യക്തമായ ധാരണ ലഭിക്കും. സ്കൾ ബേസ് സർജറി രംഗത്തെ വിദ്യാഭ്യാസവും അന്താരാഷ്ട്ര സഹകരണവും ശക്തിപ്പെടുത്താൻ കിംസ്ഹെൽത്ത്ന ടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഇബിഒഎസ്എസ്.2 മെഡിക്കൽ കോൺഫറൻസ് സംഘടിപ്പിക്കപ്പെടുന്നത്.
