രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സർക്കാർ പദ്ധതികളിലൊന്നാണ് കേരള ഫൈബർ ഓപ്റ്റിക് നെറ്റ്വർക്ക് (കെഫോൺ). ഐടി, സ്റ്റാർട്ടപ്പ്, വ്യവസായ മേഖലകളുടെ വളർച്ചയ്ക്ക് ആവശ്യമായ ലോകോത്തര ഡിജിറ്റൽ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ നിർണായക പങ്കാണ് കെഫോൺ വഹിക്കുന്നത്. ഹൈസ്പീഡ്, സുരക്ഷിത കണക്ഷനുകൾ വഴി നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് സംസ്ഥാന വികസനത്തിന്റെ ഡിജിറ്റൽ ശക്തിയായി കെഫോൺ മുന്നേറുകയാണ്. നിലവിൽ 144556 കണക്ഷനുകൾ കെഫോൺ പൂർത്തിയാക്കിയിട്ടുണ്ട്.
ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം വിപണിയായി ഇന്ത്യ മാറിയിരിക്കുകയാണ്. 1.2 ബില്യണിലധികം ടെലികോം ഉപഭോക്താക്കളും ഏകദേശം ഒരു ബില്യൺ ഇന്റർനെറ്റ് ഉപയോക്താക്കളുമുള്ള ഇന്ത്യയുടെ വളർച്ചയിൽ ടെലികോം മേഖലയുടെ നിർണായക പങ്കാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കെഫോൺ പ്രിൻസിപ്പൽ സെക്രട്ടറിയും മാനേജിങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു.അതോടൊപ്പം, ഡാറ്റ ഉപഭോഗം വർധിക്കുന്നതും ക്ലൗഡ് സാങ്കേതികവിദ്യകളുടെ ഉപയോഗവും ഡിജിറ്റൽ പബ്ലിക് പ്ലാറ്റ്ഫോമുകളുടെ വികസനവും രാജ്യത്തുടനീളം 5ജി ശൃംഖലകൾ വ്യാപിക്കുന്നതുമൂലം ഇന്ത്യയുടെ ഐടി ഡിജിറ്റൽ സേവന മേഖല അതിവേഗം മുന്നേറുകയാണ്.
വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഐടി, ടെലികോം മേഖലകളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനായി ഫൈബർ അധിഷ്ഠിത ബ്രോഡ്ബാൻഡിലും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളിലുമുള്ള നിക്ഷേപം വർധിക്കുമെന്ന പ്രതീക്ഷയുണ്ട്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും സേവന ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലുമുള്ള ലാസ്റ്റ്-മൈൽ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നത് ഡിജിറ്റൽ അന്തരം കുറയ്ക്കാൻ സഹായിക്കും. ശക്തമായ പബ്ലിക് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലേക്കുള്ള ശ്രദ്ധ സേവന വിതരണവും ഭരണ സംവിധാനവും മെച്ചപ്പെടുത്തുകയും എല്ലാ പൗരന്മാർക്കും മിതമായ ചെലവിൽ വിശ്വസനീയവും വേഗതയുള്ളതുമായ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
