Home » Blog » Kerala » ഐബിഎ ബാങ്കിങ് ടെക്നോളജി പുരസ്കാര നിറവിൽ സൗത്ത് ഇന്ത്യൻ ബാങ്ക്
IMG-20260113-WA0036

കൊച്ചി, ജനുവരി 13, 2025: മികച്ച സാങ്കേതിക മുന്നേറ്റം കാഴ്ചവച്ച ബാങ്കുകൾക്കായി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ ആറു പുരസ്കാരങ്ങൾ സ്വന്തമാക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. ഐബിഎയുടെ 2024-2025 വാർഷിക ബാങ്കിങ് ടെക്നോളജി പുരസ്കാരങ്ങളാണ് എസ്ഐബി സ്വന്തമാക്കിയത്. ബാങ്കിംഗ് മേഖലയിലെ മികച്ച സാങ്കേതിക പ്രതിഭകളെ വളർത്തിയെടുക്കുന്ന സ്ഥാപനത്തിനുള്ള ‘ബെസ്റ്റ് ടെക് ടാലന്റ്’ (Best Tech Talent) പുരസ്കാരം തുടർച്ചയായ രണ്ടാം വർഷവും സൗത്ത് ഇന്ത്യൻ ബാങ്ക് സ്വന്തമാക്കി.

ബാങ്കുകളുടെ ഡിജിറ്റൽ പരിണാമം, സാങ്കേതിക മുന്നേറ്റത്തിലെ മികവ് എന്നിവ പരിഗണിച്ച് ഏഴു വിഭാഗങ്ങളിലായി ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ ആറെണ്ണമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്വന്തമാക്കിയത്. മികച്ച ടെക് ടാലന്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും മികച്ച എ. ഐ മെഷീൻ ലേർണിംഗ് അഡോപ്ഷൻ, മികച്ച ടെക് ബാങ്ക്, മികച്ച ഡിജിറ്റൽ സെയിൽസ് എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും, മികച്ച ഫിൻടെക് ആൻഡ് ഡിജിറ്റൽ പേയ്മെന്റ് ഇൻഡക്സ് അഡോപ്ഷൻ, മികച്ച ഐടി ആൻഡ് റിസ്ക് മാനേജ്മെന്‍റ് എന്നീ വിഭാഗങ്ങളിൽ പ്രത്യേക പരാമർശവും സൗത്ത് ഇന്ത്യൻ ബാങ്ക് നേടി.

മുംബൈയിൽ നടന്ന ചടങ്ങിൽ, റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി. രബി ശങ്കറില്‍ നിന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ട്രഷറി വിഭാഗം സീനിയർ ജനറൽ മാനേജർ വിനോദ് എ. എൻ., ജോയിന്റ് ജനറൽ മാനേജർ റിതേഷ് ഭുസാരി, എംഎസ്എംഇ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ രമ്യ ഉദയൻ, ക്രെഡിറ്റ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ അവനീഷ് പയസ്, ഡിജിറ്റൽ ആൻഡ് ടെക്നോളജി വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ രഘുനാഥ് എ. എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ബോംബെ ഐഐടിയിലെ പ്രൊഫസര്‍ എമിരറ്റസ് ഡോ. ദീപക് ബി. പതക് പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷനായിരുന്ന ചടങ്ങിൽ ഐബിഎയുടെ ചീഫ് എക്സിക്യൂട്ടീവ് എ.കെ. ഗോയൽ പങ്കെടുത്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML) തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഫലപ്രദമായി വിനിയോഗിച്ച് ഡിജിറ്റൽ സേവനങ്ങളിൽ കൈവരിച്ച കരുത്തുറ്റ മുന്നേറ്റം, സാങ്കേതിക പ്രതിഭകളെ വാർത്തെടുക്കുന്നതിലെ മികവ്, സുരക്ഷിതമായ റിസ്‌ക് മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരങ്ങൾ.

ഫോട്ടോ ക്യാപ്ഷൻ: മികച്ച സാങ്കേതിക മുന്നേറ്റം കാഴ്ചവച്ച ബാങ്കുകൾക്കായി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഏർപ്പെടുത്തിയ പുരസ്കാരങ്ങളുമായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍.