Home » Blog » Business » ആചാരലംഘനം നടന്നുഎന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം; സിറിയക് തോമസ്
SIRIYAK-THOMAS-680x450

ബരിമലയിൽ ആചാരലംഘനം നടന്നത് സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ഒത്താശയോടെയാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ഡോ. സിറിയക് തോമസ് ആരോപിച്ചു. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് 149-ാമത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ കടുത്ത വിമർശനം.

മന്നം ജയന്തിയും മാരാമൺ കൺവെൻഷനും മധ്യകേരളത്തിലെ അത്ഭുതങ്ങളാണെന്ന് ഡോ. സിറിയക് തോമസ് വിശേഷിപ്പിച്ചു. ഗാന്ധിഭക്തരായിരുന്ന മന്നത്തു പത്മനാഭനെയും കെ. കേളപ്പനെയും കോൺഗ്രസ് വിസ്മരിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്ത് ഗാന്ധിനിന്ദ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗാന്ധിയൻ മൂല്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസിനും ഇടതുപക്ഷത്തിനും തുല്യ ബാധ്യതയുണ്ടെന്നും എൻഎസ്എസ് ഇതിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

 

ശബരിമലയിൽ ആചാരലംഘനം നടന്നത് സർക്കാരിന്റെ ഒത്താശയോടെയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്ന് ഡോ. സിറിയക് തോമസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നെ പ്രയോഗം കടമെടുത്താണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷമായ പരിഹാസം ഉന്നയിച്ചത്. ഗാന്ധിജിയെ രാജ്യത്തിന്റെ രാഷ്ട്രീയ മനസാക്ഷിയിൽ പുനഃപ്രതിഷ്ഠിക്കാൻ എൻഎസ്എസിന് സാധിക്കുമെന്ന് ഡോ. സിറിയക് തോമസ് അഭിപ്രായപ്പെട്ടു. ഗാന്ധിയൻ മൂല്യങ്ങളെ തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു വിമോചന സമരത്തിന്റെ കേളികൊട്ടായി മന്നം ജയന്തി ആഘോഷങ്ങൾ മാറണം. അത്തരമൊരു മുന്നേറ്റത്തിന് എൻഎസ്എസ് നേതൃത്വം നൽകിയാൽ രാജ്യം മുഴുവൻ അവർക്ക് മുന്നിൽ തലകുനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.