Home » Blog » Kerala » രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ മിടുക്കരായ 1420 വിദ്യാര്‍ത്ഥികള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സ് സ്‌കോളര്‍ഷിപ്പ് നല്‍കി
IMG-20251229-WA0040

കൊച്ചി, ഡിസംബര്‍ 29, 2025: രാജ്യത്തെ മുന്‍നിര സ്വര്‍ണ പണയ എന്‍ബിഎഫ്‌സി ആയ മുത്തൂറ്റ് ഫിനാന്‍സ് പഠനത്തില്‍ മികച്ച നിലവാരം കാഴ്ചവെക്കുന്ന കുട്ടികള്‍ക്കായി 2025-2026 വര്‍ഷത്തെ മുത്തൂറ്റ് എം ജോര്‍ജ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാജ്യത്തുടനീളം എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്നതും പഠനത്തില്‍ മികവ് പുലര്‍ത്തുന്നതുമായ 1420 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയത്. ഓരോ വിദ്യര്‍ത്ഥിക്കും 3000 രൂപ ക്യാഷ് പ്രൈസും മെമന്റോയുമാണ് നല്‍കിയത്.

പാലാരിവട്ടത്തെ മുത്തൂറ്റ് ഫിനാന്‍സിന്റെ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങ് കുസാറ്റ് മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോ. കെ. പൗലോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അധ്യക്ഷത വഹിച്ചു. മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

കേരളത്തിനു പുറമെ ചെന്നൈ, മധുരൈ, മംഗലാപുരം, ബെംഗളൂരൂ, ഹൈദരാബാദ്, മുംബൈ, ഗോവ, കൊല്‍ക്കത്ത, ഡല്‍ഹി എന്നീ നഗരങ്ങളില്‍ ഇതിനകം പദ്ധതി നടപ്പാക്കി. എറണാകുളം, ആലുവ വിദ്യാഭ്യാസ ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് കേരളത്തില്‍ നിന്നും തിരഞ്ഞെടുത്തത്. കഴിഞ്ഞ 16 വര്‍ഷങ്ങളിലായി 3.31 കോടി രൂപ ചെലവഴിച്ച് 11,919 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിനകം മുത്തൂറ്റ് എം ജോര്‍ജ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വഴി പഠനത്തിന് പിന്തുണ നല്‍കിയത്.

സിഎസ്ആര്‍ പദ്ധതിയില്‍ തങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് വിദ്യാഭ്യാസ ശാക്തീകരണത്തിനാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. മുത്തൂറ്റ് എം ജോര്‍ജ് എക്‌സലന്‍സ് അവാര്‍ഡിലൂടെ പ്രതിഭകളെ ചെറുപ്പത്തിലേ അംഗീകരിക്കുന്നതിനൊപ്പം അവരുടെ ആഗ്രഹങ്ങളെ പിന്തുടരാനുള്ള പ്രോത്സാഹനം കൂടിയാണ് നല്‍കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ രാജഗിരി ബിസിനസ് സ്‌കൂളിലെ അസോസിയേറ്റ് ഡീന്‍ ഡോ. ആന്‍ജെല സൂസന്‍ മാത്യൂ മുഖ്യാതിഥിയായി. മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍-പിആര്‍ മേധാവി രോഹിത് രാജ്, എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഒഒയുമായ കെ.ആര്‍. ബിജിമോന്‍, പാടിവട്ടം കൗണ്‍സിലര്‍ ഷിബി സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എംജി യൂണിവേഴ്‌സിറ്റി എം.എ. ഹിസ്റ്ററി പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അന്നാ ഡോമിക്കിനെ മൂത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പ്രത്യേകം ക്യാഷ് അവാര്‍ഡ് നല്‍കി അഭിനന്ദിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസും എംജി യൂണിവേഴ്‌സിറ്റി ബി.എ. ഹിസ്റ്ററി പരീക്ഷയില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ അന്ന നേരത്തെയും മുത്തൂറ്റ് ഫിനാന്‍സിന്റെ സ്‌കോളര്‍ഷിപ്പ് നേടിയിരുന്നു.