Home » Blog » Kerala » മാനസികാരോഗ്യ രംഗത്തെ മലയാളി സ്റ്റാർട്ടപ്പ് ‘ഒപ്പം’ 1.5 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു
IMG-20251222-WA0041

കൊച്ചി: മലയാളത്തിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന കേരള സ്റ്റാർട്ടപ്പ് ‘ഒപ്പം’ (Oppam) ഒന്നരക്കോടി രൂപയുടെ സീഡ് ഫണ്ടിങ് സ്വന്തമാക്കി. പ്രമുഖ നിക്ഷേപക കൂട്ടായ്മയായ ഫീനിക്സ് ഏഞ്ചൽസിന്റെ നേതൃത്വത്തിലാണ് ഈ തുക സമാഹരിച്ചത്. പ്രമുഖ ഏഞ്ചൽ നിക്ഷേപകൻ സന്ദീപ് ബാലാജിയും അദ്ദേഹത്തിന്റെ നിക്ഷേപക ശൃംഖലയും കേരളത്തിലെ വിവിധ സ്റ്റാർട്ടപ്പ് സ്ഥാപകരും ഈ ഫണ്ടിങ് റൗണ്ടിൽ പങ്കാളികളായി.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ നടന്ന ‘ഹഡിൽ ഗ്ലോബൽ’ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച ‘വൺ ടാങ്ക്’ ഇവന്റിലൂടെയാണ് നിക്ഷേപം ഉറപ്പാക്കിയത്. കാസർഗോഡ് സ്വദേശികളായ ഇബ്രാഹിം ഹവാസ്, അബ്ദുള്ള കുഞ്ഞി, മുബാഷിറ റഹ്മാൻ എന്നീ യുവസംരംഭകർ ചേർന്നാണ് ‘ഒപ്പം’ സ്ഥാപിച്ചത്. ഭാഷാപരമായ പരിമിതികളും മാനസികാരോഗ്യ ചികിത്സയോടുള്ള സാമൂഹിക വിമുഖതയും മറികടന്ന് സാധാരണക്കാർക്ക് വിദഗ്ധ സേവനം ലഭ്യമാക്കുക എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം.

നിലവിൽ 40-ലധികം രാജ്യങ്ങളിലുള്ള മലയാളികളാണ് ഒപ്പത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഇതിനോടകം ഇരുപതിനായിരത്തിലേറെ തെറാപ്പി സെഷനുകൾ വിജയകരമായി പൂർത്തിയാക്കി. കൺസൾട്ടന്റ് സൈക്കോളജിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, സെക്ഷ്വൽ തെറാപ്പിസ്റ്റുകൾ എന്നിവരുടെ സേവനം 24 മണിക്കൂറും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.

പുതുതായി സമാഹരിച്ച മൂലധനം ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിലെ സേവനങ്ങൾ കൂടുതൽ പ്രാദേശിക ഭാഷകളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സി.ഇ.ഒ ഇബ്രാഹിം ഹവാസ് പറഞ്ഞു. സാങ്കേതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആഗോളതലത്തിൽ കൂടുതൽ ആളുകളിലേക്ക് സേവനം എത്തിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.