മ്യൂച്വൽ ഫണ്ടുകളിൽ പ്രതിദിന SIP (സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ) ആരംഭിക്കാനുള്ള സൗകര്യം ഫോണ്‍പേ വെൽത്ത് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ഫോണ്‍പേ വെൽത്ത്) പ്രഖ്യാപിച്ചു. ഇതിലൂടെ ഉപയോക്താക്കൾക്ക് ഫോണ്‍പേ ആപ്പ് വഴി ദിവസേന വെറും 10 രൂപ മുതൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ സാധിക്കും. തങ്ങളുടെ ദൈനംദിന സമ്പാദ്യം അനായാസമായി നിക്ഷേപങ്ങളാക്കി മാറ്റാനും കാലക്രമേണ മികച്ച സാമ്പത്തിക നേട്ടം കൈവരിക്കാനും ഇത് നിക്ഷേപകരെ സഹായിക്കും.
ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് വ്യവസായം, പ്രത്യേകിച്ച് SIP-കൾ വലിയ വളർച്ചയാണ് നേടുന്നത്. അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട്സ് ഓഫ് ഇന്ത്യയുടെ (AMFI) കണക്കുകൾ പ്രകാരം, 2025 ഒക്ടോബറിൽ പ്രതിമാസ SIP നിക്ഷേപം 29,000 കോടി രൂപ കവിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 30 ശതമാനത്തിലധികം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2025 ഒക്ടോബറിലെ കണക്കനുസരിച്ച് 9.45 കോടി SIP അക്കൗണ്ടുകൾ നിലവിലുണ്ട് എന്നത് ഈ വളർച്ചയെ സൂചിപ്പിക്കുന്നു. കൃത്യമായ ഇടവേളകളിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള ജനങ്ങളുടെ വർധിച്ചുവരുന്ന താൽപ്പര്യത്തെയാണിത് വ്യക്തമാക്കുന്നത്.
ഈ സാഹചര്യത്തിൽ, ദിവസേന 10 രൂപ മുതൽ നിക്ഷേപിക്കാവുന്ന പ്രതിദിന SIP-കളുടെ വരവ്, വരുമാനവും സമ്പാദ്യവുമുള്ള സാധാരണക്കാർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപം കൂടുതൽ ലളിതവും പ്രാപ്യവുമാക്കുന്നു. അതോടൊപ്പം സാമ്പത്തിക ഭദ്രതയിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഇതിനെ കാണാം.
