കൊച്ചി: കോട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് 40-ാം സ്ഥാപക ദിനത്തില്‍ ഓഹരി വിഭജനം (സ്റ്റോക്ക് സ്പ്ലിറ്റ്) പ്രഖ്യാപിച്ചു. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച ഈ നടപടിക്ക് നിയന്ത്രണ നിയമാനുസൃത അനുമതികള്‍ ആവശ്യമാണ്.
ബാങ്കിന്റെ 5 രൂപ മുഖവിലയുള്ള ഒരു ഓഹരിയെ ഒരു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കാനാണ് തീരുമാനം.ഓഹരി വില താങ്ങാനാവുന്ന നിലയിലേക്ക് കൊണ്ടുവരുന്നതിനും, ഓഹരികളുടെ ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി റീട്ടെയില്‍ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം.
ബോര്‍ഡ് ചെയര്മാന് സി.എസ്. രാജനും എം.ഡി & സിഇഒ അശോക് വാസ്വാനിയും ഇത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന നീക്കമാണെന്ന് വ്യക്തമാക്കി.
സ്റ്റോക്ക് സ്പ്ലിറ്റിനെ തുടര്‍ന്ന് ബാങ്കിന്റെ മെമ്മൊറാണ്ടം ഓഫ് അസോസിയേഷനിലെ ക്യാപിറ്റല്‍ ക്ലോസ് ഭേദഗതി ചെയ്യാനും ബോര്‍ഡ് സമ്മതിച്ചിട്ടുണ്ട്.
ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചാല്‍ നടപടിക്രമം രണ്ട് മാസത്തിനകം പൂര്‍ത്തിയാകുമെന്ന് ബാങ്ക് അറിയിച്ചു.
