സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കുന്നതിനു മുൻപേ പൊളിഞ്ഞിരുന്നു. 85 ലക്ഷം വീടുകൾ കയറാൻ ലക്ഷ്യമിട്ടതിൽ ഇന്നലെ വരെയുള്ള കണക്കു പ്രകാരം കയറിയത് 6 ലക്ഷം വീട്ടിൽ മാത്രം. രണ്ടുമാസത്തെ സർവേ കാലാവധി 10 ദിവസത്തിനകം തീരുമെന്നിരിക്കെ പരമാവധി 10 ലക്ഷം വീട്ടിൽ കയറി സർവേ അവസാനിപ്പിക്കാൻ ആലോചിച്ച ഘട്ടത്തിലാണ് ഹൈക്കോടതി വിധി വന്നത്. പ്രതിഫലം നൽകാതെ 85,000 വൊളന്റിയർമാരെ ഉപയോഗിച്ച് 85 ലക്ഷം വീടുകൾ കയറാനായിരുന്നു സർക്കാർ പദ്ധതിയിട്ടത്. ജനുവരി ഒന്നിന് ആരംഭിച്ച ഗൃഹസന്ദർശനം ജനുവരി 30നു പൂർത്തിയാക്കാനും പിന്നീട് ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നടത്തി റിപ്പോർട്ട് സമാഹരിച്ച് ഫെബ്രുവരി 28ന് അകം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിനു (ഐഎംജി) കൈമാറാനുമായിരുന്നു തീരുമാനം.
എന്നാൽ, വളന്റിയർ പരിശീലനം ആരംഭിച്ചതുതന്നെ ജനുവരി ഒന്നിനു ശേഷമാണ്. ലഭിച്ചത് 45,000 വൊളന്റിയർമാരെ മാത്രം. ജനുവരി 30ന് തീർക്കേണ്ടിയിരുന്ന ഗൃഹസന്ദർശനത്തിന്റെ സമയം നീട്ടി നൽകിയിട്ടും കഴിഞ്ഞ ഒന്നര മാസത്തിനിടെ 6 ലക്ഷം വീട്ടിലേ കയറാനായുള്ളൂ. ഓട്ടോ സ്റ്റാൻഡ്, പാടശേഖര സമിതി, കുടുംബശ്രീ യൂണിറ്റ് എന്നിങ്ങനെയുള്ള ഫോക്കസ് ഗ്രൂപ്പുകളിലെ ചർച്ച പതിനയ്യായിരത്തോളം ലക്ഷ്യമിട്ടതിൽ ഇന്നലെ വരെ കഴിഞ്ഞത് 7250 മാത്രം. ഇത്രയും കൂട്ടായ്മകളിലായി 1.30 ലക്ഷം പേർ പങ്കെടുത്തു.
തദ്ദേശതിരഞ്ഞെടുപ്പു കാരണം പരിശീലനം കൊടുക്കാനാകാതെ വന്നതും കേസിൽ തീരുമാനം എന്തായിരിക്കുമെന്നു സംശയിച്ചതും പ്രതിബന്ധമായെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, മിക്കയിടത്തും ആവശ്യത്തിന് വൊളന്റിയർമാരെ കിട്ടിയില്ലെന്നതും വേതനമില്ലാത്തതിനാൽ പലരും വിട്ടുനിന്നതും തിരിച്ചടിച്ചു. ശേഖരിച്ച വിവരങ്ങൾ തുറന്നു പരിശോധിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കാൻ യോഗം ചേരാനിരിക്കെയാണു കോടതി വിധി.
പിആർഡിയുടെ പ്രത്യേക പ്രചാരണ ഫണ്ട് എന്ന ശീർഷകത്തിൽ 20 കോടി രൂപ നീക്കിവച്ചതിൽ ഏതാണ്ട് മുഴുവൻ തുകയും അനുവദിച്ച് ഉത്തരവിറങ്ങി. ജില്ലയ്ക്ക് 5 ലക്ഷം വീതം 70 ലക്ഷം രൂപയാണ് ഇതുവരെ പരിശീലനത്തിനായി ജില്ലകളിലേക്കു നൽകിയത്. മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവ തയാറാക്കാനും പ്രചാരണം നൽകാനും പണം ചെലവിട്ടു. ഹൈക്കോടതി സർവേ തടഞ്ഞതോടെ ഇതുവരെ മുടക്കിയ പണം പാഴായി. ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകാനാണു സർക്കാരിന്റെ തീരുമാനം.
