കൊച്ചി: വീടുകളിൽ വെറുതെയിരിക്കുന്ന സ്വർണശേഖരം വിപണിയിൽ സജീവമാക്കുന്നതിനും സ്വർണത്തിന്‍റെ പണലഭ്യതയിലുള്ള വിശ്വാസ്യത ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തപൂർണമായ ഉപഭോഗ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയായ ‘നേഷൻ ഫസ്റ്റ്–ഗോൾഡ്4ഇന്ത്യ ഇനിഷ്യേറ്റീവ്’ കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചു.
വിദേശനാണ്യ കരുതല്‍ ശേഖരം സംരക്ഷിക്കുന്നതിനായി മിതത്വം പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനോടുള്ള നേരിട്ടുള്ള പ്രതികരണമാണ് ഈ പദ്ധതി. ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ ഇറക്കുമതിയില്‍ 5 ടണ്‍ കുറവ് വരുത്താനാണ് ‘നേഷന്‍ ഫസ്റ്റ്-ഗോള്‍ഡ്4ഇന്ത്യ ഇനിഷ്യേറ്റീവ്’ ലക്ഷ്യമിടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വര്‍ണ ശേഖരങ്ങളിലൊന്ന് ഇന്ത്യയിലാണുള്ളത്. ഇതില്‍ ഭൂരിഭാഗവും ബാങ്ക് ലോക്കറുകളിലും വീടുകളിലെ നിലവറകളിലും പാരമ്പര്യമായി ലഭിച്ച ശേഖരങ്ങളായും പതിറ്റാണ്ടുകളായി ഉപയോഗിക്കാത്ത ആഭരണങ്ങളുമായി വെറുതെ കിടക്കുകയാണ്.
ശക്തമായ ഒരു ആഭ്യന്തര സ്വർണ പുനരുപയോഗ സംവിധാനത്തിന് ജൂവലറി മേഖലയിലെ തൊഴിലവസരങ്ങള്‍ നിലനിര്‍ത്താനും നിയമാനുസൃത സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട ജിഎസ്‌ടി വരുമാനം സംരക്ഷിക്കാനും കഴിയുമെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സ്വര്‍ണത്തെ നിഷ്‌ക്രിയ ആസ്തിയായി കാണുന്നതിനു പകരം രാജ്യത്തിനുള്ളില്‍ നിരന്തരം സാമ്പത്തിക മൂല്യം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പുനരുപയോഗ വിഭവമായി തിരിച്ചറിയുന്ന രീതിയിലേക്ക് ഉപഭോക്താക്കളുടെ മനോഭാവത്തില്‍ മാറ്റം വരുത്താന്‍ ഈ പദ്ധതി വഴിയെരുക്കും. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്വര്‍ണത്തിന്‍റെ ഒരു ചെറിയ ഭാഗമെങ്കിലും വിപണിയില്‍ തിരികെ എത്തിക്കാന്‍ സാധിച്ചാല്‍ സ്വര്‍ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് ഘട്ടംഘട്ടമായി കുറയ്ക്കാന്‍ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘നേഷന്‍ ഫസ്റ്റ്-ഗോള്‍ഡ്4ഇന്ത്യ ഇനിഷ്യേറ്റീവ്’-ന്‍റെ ഭാഗമായി നാല് പ്രധാന കാര്യങ്ങളാണ് നടപ്പാക്കുന്നത്. അതിലൊന്നാമത് പഴയ സ്വര്‍ണം മാറ്റിയെടുക്കുന്നതിനുള്ള പ്രോത്സാഹനമാണ്. ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളിലൂടെയും ആനുകൂല്യങ്ങളിലൂടെയും പഴയതോ ഉപയോഗിക്കാത്തതോ കേടുപാടുകൾ സംഭവിച്ചതോ ആയ ആഭരണങ്ങള്‍ മാറ്റിയെടുക്കാന്‍ രാജ്യമെമ്പാടുമുള്ള കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകളില്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കും. ഈ പദ്ധതിയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സ്വര്‍ണം ശുദ്ധീകരിക്കാനും പുനര്‍നിര്‍മ്മിച്ച് ആഭ്യന്തര ജൂവലറി വ്യവസ്ഥയ്ക്കുള്ളില്‍ തന്നെ പുനരുപയോഗിക്കാനും സാധിക്കും. ഇത് പുതിയതായി ഇറക്കുമതി ചെയ്യേണ്ടി വരുന്ന സ്വര്‍ണത്തിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
ഉപഭോക്താക്കള്‍ക്ക് സുതാര്യവും പ്രൊഫഷണലും ആയ രീതിയില്‍ സ്വര്‍ണം പണമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് രണ്ടാമത്തേത്. ഇതിനായി കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകളില്‍ പ്രത്യേക ‘എന്‍ക്യാഷ് ഗോള്‍ഡ്’ കൗണ്ടറുകള്‍ തുറക്കും. ഈ പദ്ധതി സ്വര്‍ണത്തെ പണമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളെ ഔദ്യോഗികമാക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ വെറുതെയിരിക്കുന്ന സ്വര്‍ണത്തില്‍നിന്ന് പണം കണ്ടെത്താന്‍ ഉപഭോക്താക്കള്‍ക്ക് വിശ്വസനീയമായ അവസരം നല്‍കുകയും ചെയ്യുന്നു. ‘എന്‍ക്യാഷ് ഗോള്‍ഡ്’ കൗണ്ടറുകള്‍ വഴി ശാസ്ത്രീയമായ രീതിയില്‍ സ്വര്‍ണത്തിന്‍റെ പരിശുദ്ധി പരിശോധിക്കാനും സുതാര്യമായി മൂല്യനിര്‍ണ്ണയം നടത്താനും വേഗത്തില്‍ പണം കൈമാറാനും സാധിക്കും.
ഉത്തരവാദിത്വമുള്ള സ്വര്‍ണ പുനരുപയോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി വിവിധയിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 1100-ലധികം കേന്ദ്രങ്ങളും 4300-ലേറെ ജീവനക്കാരുമുള്ള ‘മൈ കല്യാണ്‍’ നെറ്റ്‌വര്‍ക്കിന്‍റെ കരുത്ത് പ്രയോജനപ്പെടുത്താന്‍ കല്യാണ്‍ ജൂവലേഴ്‌സ് ഉദ്ദേശിക്കുന്നു. ഈ ജീവനക്കാരില്‍ ഭൂരിഭാഗവും അവര്‍ സേവനം നല്‍കുന്ന അതേ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. പ്രാദേശിക ആചാരങ്ങൾ, സാംസ്കാരിക സവിശേഷതകൾ, കുടുംബങ്ങളിലെ തീരുമാനമെടുക്കൽ രീതികൾ, ദീർഘകാലമായുള്ള സാമൂഹിക ചലനാത്മകത എന്നിവ മനസ്സിലാക്കുന്ന പ്രാദേശിക കണ്ണികളായാണ് ‘മൈ കല്യാൺ’ പ്രതിനിധികള്‍ പ്രവർത്തിക്കുന്നത്. ഈ പദ്ധതി സ്വര്‍ണ പുനരുപയോഗത്തെ മുന്‍നിര്‍ത്തിയുള്ള വിപുലമായ ഒരു ജനകീയ മുന്നേറ്റമായി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
18 കാരറ്റ് ആഭരണങ്ങള്‍ കൂടുതലായി പ്രചരിപ്പിക്കുന്നതിലൂടെ സ്വര്‍ണ ഉപഭോഗത്തില്‍ കൂടുതല്‍ കാര്യക്ഷമവും ഉത്തരവാദിത്വമുള്ളതുമായ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതിയുടെ നാലാമത്തെ പ്രധാന കാര്യം. പരമ്പരാഗതമായ വാങ്ങല്‍ രീതികള്‍ കാരണം ഇന്ത്യയിലെ ജൂവലറി വിപണിയില്‍ ഉയര്‍ന്ന പരിശുദ്ധിയുള്ള സ്വര്‍ണത്തിന് പ്രത്യേകിച്ച് 22 കാരറ്റ് ആഭരണങ്ങള്‍ക്കാണ് മുന്‍തൂക്കം. ഈ മുന്‍ഗണന ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയതാണെങ്കിലും മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ താത്പര്യങ്ങളും സമകാലിക ഡിസൈന്‍ ട്രെന്‍ഡുകളും വിപണിയിലുടനീളം മറ്റ് സ്വര്‍ണ രൂപങ്ങള്‍ക്കുള്ള സ്വീകാര്യത ക്രമാനുഗതമായി വര്‍ധിക്കുന്നുണ്ട്.
22 കാരറ്റിനെ അപേക്ഷിച്ച് 18 കാരറ്റ് ആഭരണങ്ങള്‍ക്ക് ശുദ്ധമായ സ്വര്‍ണം കുറഞ്ഞ അളവില്‍ മതിയാകും. ഉയര്‍ന്ന നിലവാരമുള്ളതും അതിസൂക്ഷ്മമായി നിര്‍മ്മിച്ചതും ഡിസൈനുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതുമായ ആഭരണ ശേഖരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കും. ഇത്തരം വിഭാഗങ്ങളുടെ വ്യാപകമായ പ്രചാരണം കാലക്രമേണ സ്വര്‍ണത്തിന്‍റെ മൊത്തത്തിലുള്ള ഉപഭോഗം നിയന്ത്രിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഗണ്യമായ സംഭാവന നല്‍കും.
‘നേഷന്‍ ഫസ്റ്റ് – ഗോള്‍ഡ്4ഇന്ത്യ ഇനിഷ്യേറ്റീവ്’ എന്ന പദ്ധതിയിലൂടെ പ്രധാനമായും സ്വര്‍ണ പുനരുപയോഗത്തിന് മുന്‍ഗണന നല്‍കുന്ന ഒരു സ്ഥാപനമായി മാറാനാണ് കല്യാണ്‍ ജൂവലേഴ്‌സ് ലക്ഷ്യമിടുന്നത്. സ്വര്‍ണത്തോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്‌കാരിക ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ സാമ്പത്തിക ശേഷി ശക്തിപ്പെടുത്താനും സ്വര്‍ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും അതുവഴി ദേശീയ താത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനും കല്യാണ്‍ ജൂവലേഴ്‌സ് ലക്ഷ്യമിടുന്നു.
