Logo
കൊച്ചി: ഉയർന്നുവരുന്ന സമ്പന്ന വിഭാഗത്തെ ലക്ഷ്യമിട്ട് ഡിബിഎസ് ബാങ്ക് ഇന്ത്യ തങ്ങളുടെ പുതിയ ബാങ്കിംഗ് പദ്ധതിയായ ‘ഡിബിഎസ് ആസ്പയർ’ അവതരിപ്പിച്ചു. 10 ലക്ഷം രൂപയുടെ ‘ടോട്ടൽ റിലേഷൻഷിപ്പ് വാല്യൂ’ ഉള്ളവർക്കോ അല്ലെങ്കിൽ സേവിംഗ്സ് അക്കൗണ്ടിൽ പ്രതിമാസം കുറഞ്ഞത് 2 ലക്ഷം രൂപ ശരാശരി ബാലൻസ് സൂക്ഷിക്കുന്നവർക്കോ പ്രീമിയം ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന പദ്ധതിയാണ് ഡിബിഎസ് ആസ്പയർ.
ഡിജിറ്റൽ സാങ്കേതികവിദ്യ വൈദഗ്ധ്യമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം തയ്യാറാക്കിയതാണ് ഡിബിഎസ് ആസ്പയർ. സേവിംഗ്സ് അക്കൗണ്ട് ബാലൻസുകൾക്ക് ഉയർന്ന പലിശ നിരക്ക്, ബാങ്കിംഗ് സേവനങ്ങൾക്ക് ചാർജുകളില്ലാത്ത അവസ്ഥ, ബാങ്കിന്റെ അത്യാധുനിക ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമായ ‘ഡിജിപോർട്ട്ഫോളിയോ’-യിൽ സുഗമമായ ഡിജിറ്റൽ ആക്സസ് എന്നിവ ഇതിന്റെ സവിശേഷതകളാണ്.
ഡിബിഎസ് ആസ്പയർ പ്രോഗ്രാമിന്റെ ഭാഗമായി ഡിബിഎസ് ആസ്പയർ ഡെബിറ്റ് കാർഡ് വഴിയുള്ള അന്താരാഷ്ട്ര ചെലവുകൾക്ക് പൂജ്യം ഫോറെക്സ് മാർക്കപ്പ് ആയിരിക്കും ഉണ്ടാവുക. സാധാരണയായി ഉയർന്ന ബാങ്കിംഗ് വിഭാഗങ്ങളിൽ മാത്രം ലഭ്യമാകുന്ന റിലേഷൻഷിപ്പ് മാനേജറുടെ സേവനം ഡിബിഎസ് ആസ്പയർ ഉപഭോക്താക്കള്ക്ക് ലഭിക്കും. കൂടാതെ 2 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലൻസുകൾക്ക് പ്രതിവർഷം അഞ്ച് ശതമാനം എന്ന മികച്ച പലിശ നിരക്ക് ലഭിക്കും.
നിലവിലുള്ള ബാങ്കിംഗ് സേവനങ്ങളിൽ ഭൂരിഭാഗവും ഒന്നുകിൽ സാധാരണക്കാർക്ക് വേണ്ടിയുള്ളതോ അല്ലെങ്കിൽ വളരെ ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കു വേണ്ടിയുള്ള പ്രീമിയം വെൽത്ത് സെഗ്മെന്റാണെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ കൺസ്യൂമർ ബാങ്കിംഗ് ഗ്രൂപ്പ് ഹെഡ് ആൻഡ് മാനേജിംഗ് ഡയറക്ടർ അംബുജ് ചന്ദ്ന പറഞ്ഞു. ഇതിനിടയിലുള്ള വളർന്നുവരുന്ന സമ്പന്ന വിഭാഗം വേണ്ടത്ര പരിഗണിക്കപ്പെടാതെ അവശേഷിക്കുകയാണ്. ഡിബിഎസ് ആസ്പയർ ഈ വലിയ വിഭാഗത്തെയാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾ അവരുടെ സമ്പത്ത് വർധിപ്പിക്കുന്ന ഓരോ ഘട്ടത്തിലും ബാങ്ക് അവർക്കൊരു വിശ്വസ്ത പങ്കാളിയാകണമെന്ന ഞങ്ങളുടെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
