കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിൽ പതിനാറുകാരിയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ നസ്രിനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ അദ്നാൻ (20) ആത്മഹത്യ ചെയ്യുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിൽ കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് മുകൾ നിലയിലെ കിടപ്പുമുറിയിൽ നസ്രിനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. നസ്രിനയെ ആക്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച മുത്തശ്ശിയെയും യുവാവ് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതായി വിവരമുണ്ട്.
നസ്രിനയെ ആശുപത്രിയിൽ കൊണ്ടുപോകുന്ന സമയത്ത് അദ്നാനെ മുറിയിൽ പൂട്ടിയിട്ടിരുന്നു. വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് മുഖത്ത് സെല്ലോടേപ്പ് ചുറ്റി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്.
കൊലപാതകത്തിന് പിന്നിലെ കാരണം
അദ്നാൻ നസ്രിനയുടെ വീട്ടിൽ താമസിച്ചാണ് പഠിച്ചിരുന്നത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്. അദ്നാന്റെ സ്വഭാവദൂഷ്യത്തെ നസ്രിന ചോദ്യം ചെയ്തതും വീട്ടിൽ നിന്ന് പണം മോഷണം പോയതിനെ ചൊല്ലിയുണ്ടായ തർക്കവുമാണ് പകയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കുറച്ചു കാലമായി അദ്നാൻ നസ്രിനയുടെ കുടുംബവുമായി അകൽച്ചയിലായിരുന്നു. സംഭവത്തിൽ ചേവായൂർ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
