മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയായ BE 6 തീപിടിച്ച സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി കമ്പനി രംഗത്തെത്തി. യുപിയിലെ ഹാപൂരിലെ ടോൾ പ്ലാസയ്ക്ക് സമീപം നടന്ന അപകടത്തിന് പിന്നിൽ വാഹനത്തിന്റെ ബാറ്ററിയോ മോട്ടോറോ അല്ലെന്ന് മഹീന്ദ്ര വ്യക്തമാക്കി. കാറിന്റെ ടയർ പങ്ചറായ വിവരം ഡിജിറ്റൽ ക്ലസ്റ്ററിൽ തുടർച്ചയായി മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച് പത്തു മിനിറ്റോളം മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായത്. കാറ്റില്ലാത്ത ടയർ റോഡിൽ നിരന്തരം ഉരഞ്ഞതിനെത്തുടർന്നുണ്ടായ അമിതമായ ചൂടാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നും കമ്പനി അറിയിച്ചു.
അപകടസമയത്ത് വാഹനത്തിന്റെ ഇഎസ്പി, ടിസിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചിരുന്നു. തീപിടുത്തം ഉണ്ടായിട്ടും വാഹനത്തിന്റെ ബാറ്ററി പാക്കിനോ മോട്ടോറിനോ യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ പരിക്കുകളില്ലാതെ സുരക്ഷിതരായി പുറത്തെത്തി. വാഹനങ്ങൾ നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകൾ യാത്രക്കാർ കൃത്യമായി ശ്രദ്ധിക്കണമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും മഹീന്ദ്ര പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
