ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ കേരള പോലീസിലെ റോൾ മോഡൽ ആണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുന്‍ ഡിജിപി ഹേമചന്ദ്രൻ രചിച്ച ‘അധികാരത്തിന്റെ വഴി അനീതിയുടെയും’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട്ടുജോലിക്കിടെ വ്യാജ മോഷണക്കുറ്റം ആരോപിക്കപ്പെട്ടപ്പോൾ പോരാടി നീതി നേടിയെടുത്ത നെടുമങ്ങാട് സ്വദേശിനി ബിന്ദുവിന് പുസ്തകം നൽകിയാണ് മന്ത്രി പ്രകാശനം നിർവഹിച്ചത്.
ചെയ്യുന്ന കാര്യങ്ങളിലെ ശരിയും തെറ്റും കൃത്യമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥനാണ് എ. ഹേമചന്ദ്രനെന്ന് മന്ത്രി പറഞ്ഞു. പോലീസ് ഉപദേഷ്ടാവായി ചുമതലയേൽക്കുമ്പോൾ ശമ്പളമോ ഓഫീസ് സൗകര്യങ്ങളോ മറ്റ് ആനുകൂല്യങ്ങളോ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ആ നിലപാടിൽ പ്രതിഫലിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക എന്നത് വലിയ ഉത്തരവാദിത്വമാണ്. ഏതു രാത്രിയും പോലീസുകാർ ഉണർന്നിരിക്കണം എന്നതുപോലെ പോലീസ് മന്ത്രിയും ഉണർന്നിരിക്കണം. പോലീസുകാർ ഡ്യൂട്ടി ചെയ്തില്ലെങ്കിൽ അനാസ്ഥ എന്നും ഡ്യൂട്ടി ചെയ്താൽ അതിക്രമം എന്നും പഴി കേൾക്കേണ്ടി വരുന്നവരാണ്. അത് പോലീസ് മന്ത്രിക്കും ബാധകമാണ്. നിയമം നടപ്പാക്കുന്നതിൽ പക്ഷപാതം പാടില്ലെന്നും പോലീസ് സേനയിൽ കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നീതി നിർവഹണം പൂർണ അർഥത്തിൽ നടപ്പിലാക്കിയാലേ പൊതുജനങ്ങൾക്ക് അതിന്റെ ഗുണം ലഭിക്കൂവെന്നും മന്ത്രി പറഞ്ഞു.
മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ പുസ്തക പരിചയം നടത്തി. അപ്രിയ സത്യങ്ങളെ തമസ്കരിച്ച് ഒരു സംവിധാനത്തിനും മുന്നോട്ടുപോകാനാകില്ലെന്നും കേരളത്തിൽ മികച്ച പോലീസ് മാതൃകകൾ കൊണ്ടുവരണമെന്നും മറുപടി പ്രസംഗത്തിൽ ഹേമചന്ദ്രൻ പറഞ്ഞു. ഡിസി ബുക്സ് സി.ഇ.ഒ രവി ഡി.സി സ്വാഗതവും ബ്രാഞ്ച് മാനേജർ എം.ടി. ബാബു നന്ദിയും അറിയിച്ചു.
