കേരള സർവ്വകലാശാല വിസിയും മുൻ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറും തമ്മിലുള്ള നിയമപോരാട്ടത്തിൽ വിസിക്ക് കനത്ത തിരിച്ചടി. അനിൽകുമാറിന് വിസി നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിന്മേൽ തുടർന്നുള്ള യാതൊരു നടപടികളും പാടില്ലെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ടി.ആർ. രവി ഉൾപ്പെട്ട സിംഗിൾ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.
സസ്പെൻഷൻ കാലയളവിൽ ചട്ടവിരുദ്ധമായി ഫയലുകൾ കൈകാര്യം ചെയ്തു എന്നാരോപിച്ചായിരുന്നു വിസി അനിൽകുമാറിന് നോട്ടീസ് അയച്ചിരുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു നോട്ടീസ് നൽകാൻ വിസിക്ക് നിയമപരമായ അധികാരം ഉണ്ടോ എന്ന് വിശദീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. മുൻപ് സർവ്വകലാശാലയിലെ സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഭാരതാംബയുടെ ചിത്രം വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുവരും തമ്മിലുള്ള പോരിന് കാരണമായത്.
നിലവിൽ അനിൽകുമാറിന്റെ ഡെപ്യൂട്ടേഷൻ അവസാനിച്ചതിനെ തുടർന്ന് സർക്കാർ അദ്ദേഹത്തെ ശാസ്താംകോട്ട ഡി.ബി കോളേജ് പ്രിൻസിപ്പാളായി നിയമിച്ചിട്ടുണ്ട്. സർവ്വകലാശാലാ ചട്ടങ്ങൾ ലംഘിച്ചാണ് വിസി നടപടികൾ സ്വീകരിക്കുന്നതെന്ന അനിൽകുമാറിന്റെ വാദം ശരിവെക്കുന്ന തരത്തിലാണ് കോടതിയുടെ ഇപ്പോഴത്തെ ഇടപെടൽ.
