Home » Blog » Kerala » അയാൾ നിയമസഭയ്ക്ക് അപമാനം; രാഹുലിനെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറാണോ എന്ന് മന്ത്രി ആർ. ബിന്ദു
rbindhu

പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ രൂക്ഷവിമർശനവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. അതിക്രൂരമായ ലൈംഗിക അതിക്രമങ്ങളിലൂടെ സ്ത്രീകളെ ഗർഭിണികളാക്കുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയാക്കുകയും ചെയ്യുന്ന ക്രിമിനൽ സ്വഭാവമുള്ള ഒരാളെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറാണോ എന്ന് മന്ത്രി ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരള രാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന ‘സൈക്കോപാത്ത്’ സ്വഭാവമുള്ള ഒരാൾ നിയമസഭയിൽ തുടരുന്നത് സഭയ്ക്ക് തന്നെ അപമാനമാണെന്നും, കോൺഗ്രസിന്റെ ഈ നാണംകെട്ട സമീപനത്തിനെതിരെ കേരളത്തിലെ സ്ത്രീകൾ ഒന്നടങ്കം പ്രതിഷേധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, രാഹുലിനെതിരെ അതിജീവിത നൽകിയിട്ടുള്ള മൊഴിയിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയതായും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തതായും യുവതി മൊഴി നൽകിയിട്ടുണ്ട്. ശരീരത്തിൽ മുറിവുകളുണ്ടാക്കിയും മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും തടങ്കലിൽ വെച്ചായിരുന്നു പീഡനമെന്നും അതിജീവിത ആരോപിക്കുന്നു.

മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ അതീവ രഹസ്യമായാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കുടുക്കിയത്. ശനിയാഴ്ച ഉച്ചമുതൽ നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ അർധരാത്രിയോടെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ, പത്തനംതിട്ട എആർ ക്യാമ്പിൽ നടന്ന ചോദ്യം ചെയ്യലിൽ രാഹുൽ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തനിക്കെതിരെയുള്ള പരാതികൾ അടിസ്ഥാനരഹിതമാണെന്നും യുവതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമാണുണ്ടായിരുന്നതെന്നുമാണ് രാഹുലിന്റെ വാദം.