ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയതിനെച്ചൊല്ലിയുള്ള ചർച്ചകൾ കൊഴുക്കുകയാണ്. മികച്ച ഫോമിലുള്ള ഋതുരാജ് ഗെയ്‌ക്‌വാദിനെ ഒഴിവാക്കി റെഡ്ഡിയെ ടീമിലെടുത്തതിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് താരത്തിന് പിന്തുണയുമായി മുൻ താരം ഇർഫാൻ പത്താൻ രംഗത്തെത്തിയത്.
ഹാർദിക് പാണ്ഡ്യയുടെ വളർച്ചയെ ഉദാഹരണമാക്കിയാണ് പത്താൻ നിതീഷിനെ പ്രതിരോധിച്ചത്. ഇന്ത്യയിൽ 130 കിലോമീറ്ററിലധികം വേഗത്തിൽ പന്തെറിയുന്ന ഒപ്പം ബാറ്റിംഗിലും മികവ് കാട്ടുന്ന ഓൾറൗണ്ടർമാർ അപൂർവ്വമാണെന്നും പത്താൻ ചൂണ്ടിക്കാട്ടി. ഹാർദിക് പാണ്ഡ്യക്ക് കരിയറിന്റെ തുടക്കത്തിൽ കൃത്യമായ ബാക്കപ്പും അവസരങ്ങളും നൽകിയത് കൊണ്ടാണ് അദ്ദേഹം ഇന്ന് ലോകോത്തര താരമായി മാറിയത്. അതുപോലെ നിതീഷ് റെഡ്ഡിയുടെ കാര്യത്തിലും ആരാധകരും സെലക്ടർമാരും ക്ഷമ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈറ്റ് ബോൾ ക്രിക്കറ്റിൽ ലഭിച്ച അവസരങ്ങളിൽ ഇതുവരെ മികച്ച പ്രകടനം നടത്താൻ നിതീഷിന് കഴിഞ്ഞിട്ടില്ലെന്നത് യാഥാർത്ഥ്യമാണെങ്കിലും, മെൽബണിലെ ടെസ്റ്റ് സെഞ്ച്വറി അദ്ദേഹത്തിന്റെ പ്രതിഭയുടെ തെളിവാണെന്ന് പത്താൻ പറഞ്ഞു. ആവശ്യത്തിന് സമയം നൽകിയില്ലെങ്കിൽ ഇന്ത്യക്ക് ഒരു മികച്ച പ്രതിഭയെ നഷ്ടമാകുമെന്നും ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.
