Home » Blog » Kerala » അയ്യപ്പന്റെ സ്വർണം കട്ട ആരെയും സി പി ഐ എം സംരക്ഷിക്കില്ല: എം വി ഗോവിന്ദൻ
4ca7581380ad2760fc7e398682917a3787d99004e31254993696601dec06ff3e.0

ശബരിമല സ്വർണ്ണക്കുള്ള കേസിൽ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേസിൽ എസ്ഐടിയെ നിയമിച്ചത് കോടതിയാണെന്നും അയ്യപ്പന്റെ സ്വർണ്ണം നഷ്ട്ടമാകരുതെന്നും സി പി ഐ എം ആരെയും സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. അന്വേഷണം അടൂർ പ്രകാശ് ഉൾപ്പെടെയുള്ള നേതാക്കളിലേക്ക് നീങ്ങിയതോടെ യുഡിഎഫ് തികച്ചും അവസരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണം സിപിഐഎമ്മിന് എതിരെയായിരിക്കും എന്ന് പ്രചരിപ്പിച്ച് ഇന്നലെ വരെ ആഹ്ലാദഭരിതരായിരുന്ന വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള നേതാക്കൾ സ്വന്തം പാർട്ടിക്കാർ പ്രതിക്കൂട്ടിലാകുമെന്ന് കണ്ടപ്പോൾ നിലപാട് മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയുടെ നേരിട്ടുള്ള നിർദ്ദേശാനുസരണം രൂപീകരിച്ചതാണ് ഈ എസ്‌ഐടിയെന്നും ഇത് ജുഡീഷ്യറിയുടെ തന്നെ ഭാഗമാണെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. സർക്കാർ രൂപീകരിച്ചതല്ല, മറിച്ച് കോടതി തന്നെ നിശ്ചയിച്ച അന്വേഷണ സംഘത്തെ തള്ളിപ്പറയുന്നത് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. വിജിലൻസ് അന്വേഷണം നടന്ന ആദ്യഘട്ടത്തിൽ തന്നെ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് സിപിഐഎം ആണ്. എന്നാൽ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഈ കേസിനെ രാഷ്ട്രീയ ആയുധമാക്കി ആഘോഷിച്ചവർ ഇപ്പോൾ പ്രതിരോധത്തിലായപ്പോൾ അന്വേഷണത്തെ തടയാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള അന്വേഷണം ഫലപ്രദമായി നടക്കുന്നത് തടയാനുള്ള യുഡിഎഫിന്റെ ഈ ഇടപെടലിനെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. അന്വേഷണം തങ്ങളിലേക്ക് വരുന്നു എന്ന് കാണുമ്പോൾ എസ്‌ഐടിയെ തന്നെ കുറ്റപ്പെടുത്തുന്ന കോൺഗ്രസിന്റെ നിലപാട് ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.