ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ മുഖ്യ ആകർഷണമായി ചരിത്ര പൈതൃക പ്രദർശനം. ഡോ. എ.ടി. മോഹൻ രാജിന്റെ ‘തലശ്ശേരി വിഷ്വൽ ഹിസ്റ്ററി’, പ്രശാന്ത് ഒളവിലത്തിന്റെ തലശ്ശേരി ചരിത്ര ചിത്രങ്ങൾ, ദേവദാസ് മാടായിയുടെ ‘വടക്കൻ കേരളത്തിലെ അച്ചടി മാധ്യമങ്ങൾ’ എന്നിവയടക്കം കേരളത്തിന്റെ ചരിത്രവും പൈതൃകവും അടയാളപ്പെടുത്തുകയാണ് പ്രദർശനം.
ചരിത്ര പ്രദർശനത്തിൽ ഏറെ കൗതുകം ജനിപ്പിക്കുകയാണ് കെ.വി ഭാസ്കരൻ 50 വർഷങ്ങളായി ശേഖരിച്ച കാർഷിക ഉപകരണങ്ങളുടെ പ്രദർശനം. എണ്ണൂറിലധികം വരുന്ന ഉപകരണങ്ങളാണ് എക്സിബിഷനിൽ ഒരുക്കിയിട്ടുള്ളത്. പൊന്നി, ഗന്ധകശാല, തവളക്കണ്ണൻ, ഭാരതി, നവര, മാലക്കാരൻ, പുഞ്ച, സ്വർണപ്രഭ, പവിഴം, കേശവൻ തുടങ്ങി അൻപതിലധികം വരുന്ന നെല്ലിനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ചാരുകസേര, ഓലക്കുട, ചാട്ടവാർ, ടൈപ്പ്റൈറ്റർ, വിവിധതരം ഭരണികൾ, മൺപാത്രങ്ങൾ തുടങ്ങി വർഷങ്ങളോളം പഴക്കമുള്ള ഉപകരണങ്ങൾ പ്രദർശനത്തിൽ തൊട്ടറിയാനും കണ്ടറിയാനും സാധിക്കും. കേരളത്തിലെ വിവിധങ്ങളായ പ്രദർശനമേളകളിൽ കെ.വി. ഭാസ്കരൻ കാർഷിക ഉപകരണങ്ങളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്.
ഡോ. നന്ദകുമാർ കോറോത്ത് ശേഖരിച്ച തെയ്യം കലാരൂപത്തിന്റെ വിവിധങ്ങളായ ചിത്രങ്ങളും മഹാത്മാഗാന്ധിയുടെ ജീവിതചരിത്ര ചിത്രങ്ങളും എക്സിബിഷനിൽ കാണാം. അതോടൊപ്പം തെയ്യങ്ങളുടെ അടയാഭരണങ്ങൾ അഥവാ അണിയലങ്ങളും എക്സിബിഷന്റെ മറ്റൊരു ആകർഷണമാണ്. ചാമുണ്ഡി തെയ്യത്തിന്റെ ഉടുപ്പ്, ചിലങ്കകൾ, പീലിതാഴെ, പുറത്തട്ട്, ചിലമ്പ്, മുഖപാളകൾ, ചിറകുടുപ്പ്, വളയൻ എന്നിവയാണ് തെയ്യം കലാകാരൻ വേണുഗോപാൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
ഓരോ സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും ചിത്രങ്ങൾ കാഴ്ച വെക്കുന്നതോടൊപ്പം പ്രദേശത്തെ മനുഷ്യാനുഭവങ്ങളുടെയും സംസ്കാരത്തിന്റെയും പ്രതിരോധത്തിന്റെയും നേർക്കാഴ്ച ഒരുക്കുകയാണ് ഡോ. എ.ടി. മോഹൻ രാജിന്റെ തലശ്ശേരി വിഷ്വൽ ഹിസ്റ്ററി. തലശ്ശേരിയിലെ പ്രധാനപ്പെട്ട ചരിത്ര സ്ഥലങ്ങളായ ജഗന്നാഥ ക്ഷേത്രം, ചരിത്രപ്രസിദ്ധമായ കടൽപ്പാലം, അണ്ടല്ലൂർക്കാവ്, ലൈറ്റ് ഹൗസ്, മാളിയേക്കൽ തറവാട്, പിണറായി പാറപ്രം തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
ഡോ. ഇ. രാജീവൻ ഒരുക്കിയിട്ടുള്ള ‘വിങ്സ് ഓഫ് ഫ്രീഡം’ എന്ന പേരിൽ വിവിധ പക്ഷികളുടെ ഫോട്ടോ പ്രദർശനവും, ചരിത്ര പുസ്തകങ്ങളുടെ പ്രദർശനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
