Home » Blog » Kerala » ‘ഗോസ്റ്റ്‌പെയറിങ്’, സിമ്മും പാസ്‌വേഡോ ഇല്ലാതെ വാട്സ്ആപ്പ് ഹാക്ക് ചെയ്യാം; കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്
iPhone-Air-680x450

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ഗോസ്റ്റ്‌പെയറിങ് എന്ന സൈബർ ഭീഷണിയെക്കുറിച്ചാണ് പുതിയ മുന്നറിയിപ്പ്. ഉപയോക്താവ് അറിയാതെ തന്നെ അക്കൗണ്ടിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ഉപയോക്താവിന്റെ പാസ്‌വേഡോ സിം കാർഡോ ഇല്ലാതെ തന്നെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യാൻ ഈ തട്ടിപ്പിലൂടെ സാധിക്കും. അക്കൗണ്ട് ഒരിക്കൽ ‘പെയർ’ ചെയ്യപ്പെട്ടു കഴിഞ്ഞാൽ, ഉപയോക്താവിന്റെ മെസ്സേജുകൾ വായിക്കാനും മറ്റുള്ളവർക്ക് സന്ദേശങ്ങൾ അയക്കാനും സൈബർ ക്രിമിനലുകൾക്ക് കഴിയും. വളരെ ഗൗരവകരമായ സുരക്ഷാ പഴുതാണിതെന്നും ഉപയോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്നും സിഇആർടി-ഇൻ നിർദ്ദേശിക്കുന്നു.

വാട്സ്ആപ്പ് അക്കൗണ്ട് കമ്പ്യൂട്ടറിലോ (WhatsApp Web) മറ്റ് ഉപകരണങ്ങളിലോ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ‘പെയറിങ് കോഡുകൾ’ (Pairing Codes) തട്ടിയെടുത്താണ് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നത്. വാട്‌സ്ആപ്പിലൂടെ തട്ടിപ്പുകാർ ഉപയോക്താക്കൾക്ക് ചില ലിങ്കുകൾ അയക്കുന്നു. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫോട്ടോകളോ മറ്റ് വിവരങ്ങളോ കാണുന്നതിനായി ഐഡന്റിറ്റി പരിശോധിക്കണം എന്ന് ആവശ്യപ്പെടുന്ന ഒരു വെബ്‌പേജിലേക്കാണ് ഉപയോക്താവ് എത്തുന്നത്. ഈ പേജിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതോടെ ഹാക്കർമാർക്ക് ഇരയുടെ വാട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നു. അങ്ങനെ നിങ്ങളുടെ വാടസ്ആപ്പ് ഹാക്കാവുന്നു.