Home » Blog » Kerala » ഓൺലൈൻ ബെറ്റിംഗ് ആപ്പുകളുടെയും ഗെയിമുകളുടെയും ചതിക്കുഴി: മൂന്ന് യുവാക്കൾ ആത്മഹത്യ ചെയ്തു
43cc208a57221be20b16bcfcd8bb316c86e04fb9f239b9975369e2183055eec9.0

ൺലൈൻ ബെറ്റിംഗ് ആപ്പുകളുടെയും ഗെയിമുകളുടെയും ചതിക്കുഴിയിൽ വീണ് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതിനെത്തുടർന്ന് തെലങ്കാനയിലും മധ്യപ്രദേശിലുമായി മൂന്ന് യുവാക്കൾ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ സംഗറെഡ്ഡിയിൽ ഒരു ലക്ഷം രൂപ ബെറ്റിംഗിലൂടെ നഷ്ടമായ മനംനൊന്ത് 18 വയസ്സുകാരനായ വിക്രം കീടനാശിനി കഴിച്ച് മരിക്കുകയായിരുന്നു. വിക്രം ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് കണ്ട വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സമാനമായ മറ്റൊരു സംഭവത്തിൽ ഹൈദരാബാദിലെ ടാക്സി ഡ്രൈവറായ പാലഡുഗു സായി എന്ന 24-കാരൻ 15 ലക്ഷം രൂപയുടെ കടബാധ്യതയെത്തുടർന്ന് ജീവിതം അവസാനിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷമായി ഓൺലൈൻ ബെറ്റിംഗിന് അടിമയായിരുന്ന സായി ബാങ്ക് ലോണുകൾക്ക് പുറമെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വൻതുക കടം വാങ്ങിയിരുന്നു. ഈ പണം തിരിച്ചടയ്ക്കാനുള്ള സമ്മർദ്ദം സഹിക്കവയ്യാതെയാണ് ഇയാൾ ജീവനൊടുക്കിയത്.

മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നാണ് മൂന്നാമത്തെ ദാരുണ മരണം റിപ്പോർട്ട് ചെയ്തത്. 32 വയസ്സുകാരനായ സിവിൽ കോൺട്രാക്ടർ ‘ഏവിയേറ്റർ’ എന്ന ഓൺലൈൻ ഗെയിമിലൂടെ ഏകദേശം 30 ലക്ഷം രൂപയാണ് നഷ്ടപ്പെടുത്തിയത്. കളി തുടരാനായി പലരിൽ നിന്നും പണം കടം വാങ്ങിയിരുന്നതായും സാമ്പത്തിക തകർച്ച താങ്ങാനാവുന്നില്ലെന്നും ഇയാൾ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾ യുവാക്കളെ എപ്രകാരമാണ് ചതിക്കുഴിയിൽ വീഴ്ത്തുന്നതെന്ന് വ്യക്തമാക്കുന്ന ഈ സംഭവങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.