ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ചരിത്രം കുറിച്ച് ടാറ്റ മോട്ടോഴ്സ്. ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിടുന്ന രാജ്യത്തെ ആദ്യ ഇലക്ട്രിക് കാറായി ടാറ്റ നെക്സോൺ ഇവി മാറി. 2020-ൽ വിപണിയിലെത്തിയത് മുതൽ ചുരുങ്ങിയ കാലയളവിനുള്ളിലാണ് നെക്സോൺ ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹന വിപണിയുടെ 66 ശതമാനവും ടാറ്റയുടെ കൈകളിലാണ്.
ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഓരോ മൂന്ന് ഇലക്ട്രിക് കാറുകളിലും രണ്ടെണ്ണം ടാറ്റയുടേതാണ് എന്നതാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ടിയാഗോ ഇവി മുതൽ കർവ്വ് ഇവി വരെ നീളുന്ന വിശാലമായ പോർട്ട്ഫോളിയോ ഉണ്ടെങ്കിലും നെക്സോൺ ഇവി തന്നെയാണ് ടാറ്റയുടെ കരുത്ത്. ഐസിഇ (പെട്രോൾ/ഡീസൽ) കാറുകൾ വാഴുന്ന വിപണിയിൽ ഇലക്ട്രിക് കാറുകൾക്ക് വലിയ സ്വീകാര്യത നേടിക്കൊടുക്കുന്നതിൽ നെക്സോൺ വലിയ പങ്ക് വഹിച്ചു.
നെക്സോൺ ഇവിയുടെ ഈ വൻ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇതാ
ആദ്യത്തെ തദ്ദേശീയ ഇലക്ട്രിക് എസ്യുവി: 2020-ൽ ഇലക്ട്രിക് കാറുകൾക്ക് വേണ്ടത്ര പ്രചാരമില്ലാതിരുന്ന കാലത്താണ് ടാറ്റ നെക്സോൺ ഇവി അവതരിപ്പിച്ചത്. രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്ട്രിക് എസ്യുവി എന്ന ഖ്യാതിയോടെ എത്തിയ ഇതിന് പിന്നിൽ ‘യൂണിഇവേഴ്സ്’ എന്ന ശക്തമായ ഇക്കോസിസ്റ്റം ടാറ്റ ഒരുക്കിയിരുന്നു.
ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ: വാഹനം വിൽക്കുന്നതിനൊപ്പം തന്നെ രാജ്യത്തുടനീളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലും ടാറ്റ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് ഉപഭോക്താക്കൾക്ക് വാഹനത്തിലുള്ള വിശ്വാസം വർദ്ധിപ്പിച്ചു.
സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ഗ്ലോബൽ NCAP (GNCAP), ഭാരത് NCAP (BNCAP) എന്നിവയിൽ നിന്ന് അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാണ് നെക്സോൺ ഇവി.
ശക്തമായ നിർമ്മാണം: ഹൈ-സ്ട്രെങ്ത് സ്റ്റീൽ ബോഡിയും ആറ് എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും (ESC) യാത്രക്കാർക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നു. വിശ്വസിക്കാവുന്ന ഒരു ഫാമിലി കാർ എന്ന നിലയിൽ നെക്സോൺ ഇവിക്ക് ജനപ്രീതി നേടിക്കൊടുത്തത് ഈ സുരക്ഷാ മാനദണ്ഡങ്ങളാണ്.
