Home » Blog » Kerala » കായികക്ഷമത ഉണ്ടായിട്ടും ദീപ്തി ശർമ കളിക്കാത്തതെന്ത്? വെളിപ്പെടുത്തി അമോൽ മജൂംദാർ
DEEPTHI-680x450

നിതാ ക്രിക്കറ്റിലെ ലോകരാജാക്കന്മാരായ ഇന്ത്യൻ ടീം വിജയക്കുതിപ്പ് തുടരുമ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത് പ്രമുഖ താരം ദീപ്തി ശർമയുടെ അസാന്നിധ്യമാണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരാൻ ഇന്ത്യ ഒരുങ്ങുമ്പോൾ, ടീമിലെ നിർണ്ണായക സാന്നിധ്യമായ ദീപ്തി ഇന്നും പ്ലേയിംഗ് ഇലവനിലുണ്ടാകില്ലെന്ന് മുഖ്യ പരിശീലകൻ അമോൽ മജൂംദാർ സ്ഥിരീകരിച്ചു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ടീമിന്റെ തന്ത്രങ്ങളും താരങ്ങളുടെ പരിക്കും സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

വരാനിരിക്കുന്ന ടി20 വനിതാ ലോകകപ്പിനുള്ള ഒരുക്കമായാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയെ വിലയിരുത്തുന്നതെന്ന് അമോൽ മജൂംദാർ വ്യക്തമാക്കി. ഏകദിന ലോക ചാമ്പ്യന്മാരായ ശേഷം ഇന്ത്യൻ ടീം നിലനിർത്തുന്ന സ്ഥിരതയാർന്ന പ്രകടനം ഏറെ സന്തോഷകരമാണ്. ലോകകപ്പിന് മുന്നോടിയായി രണ്ട് പരമ്പരകൾ കൂടി ഇന്ത്യയ്ക്ക് ബാക്കിയുണ്ട്. ഈ മത്സരങ്ങളിലൂടെ ടീമിന് ഇനിയും മെച്ചപ്പെടാനുള്ള മേഖലകൾ തിരിച്ചറിയാനാണ് പരിശീലകൻ ലക്ഷ്യമിടുന്നത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചെങ്കിലും ലങ്കൻ പടയെ ഒട്ടും നിസ്സാരമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരാധകരുടെ പ്രധാന ചോദ്യമായ ദീപ്തി ശർമയുടെ അസാന്നിധ്യത്തെക്കുറിച്ച് മജൂംദാർ വ്യക്തമായ മറുപടി നൽകി. ഓൾറൗണ്ടർ ദീപ്തി ശർമ്മ ഈ പരമ്പരയിൽ കളിക്കുന്നില്ലെങ്കിലും താരം പൂർണ്ണ കായികക്ഷമതയിലാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മറ്റൊരു പ്രമുഖ താരം ജെമീമ റോഡ്രിഗസിന് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് താരം പരിശീലനത്തിന് ഇറങ്ങാത്തതെന്നും അദ്ദേഹം വിശദീകരിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് സെലക്ഷനിൽ മുൻഗണന ലഭിക്കുന്നത് ടീമിന് കരുത്താകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട സാഹചര്യത്തിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു തന്റെ ആശങ്കകൾ പങ്കുവെച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം കൂടുതൽ മെച്ചപ്പെടാനുണ്ട്.

പ്രത്യേകിച്ച് മധ്യനിര ബാറ്റിങ്ങിൽ നിലവിൽ ചില പ്രശ്നങ്ങളുണ്ടെന്ന് ചമാരി തുറന്നുപറഞ്ഞു. കാര്യവട്ടത്തെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്നത് ടീമിന് പ്രതീക്ഷ നൽകുന്നുണ്ട്. വരും മത്സരങ്ങളിൽ ശക്തമായ തിരിച്ചുവരവ് നടത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ലങ്കൻ നിര.