Home » Blog » Kerala » ടാക്സി ആപ്പുകളിൽ അഡ്വാൻസ് ടിപ്പ് ഫീച്ചർ നിയന്ത്രിക്കുന്ന പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്ര സർക്കാർ
40c36141625041bba5e0f71f142c00b84f837f30f754b50c22a7ea291f3255dc.0

ടാക്സി ആപ്പുകളിൽ അഡ്വാൻസ് ടിപ്പ് ഫീച്ചർ നിയന്ത്രിക്കുന്ന പുതിയ മാർഗനിർദ്ദേശമേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഉബർ, ഓല, റാപ്പിഡോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ യാത്ര ആരംഭിക്കുന്നതിന് മുൻപ് ടിപ്പ് ആവശ്യപ്പെടുന്നത് ഇനി നിരോധിക്കപ്പെടുന്നു. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) 2025 ലെ മോട്ടോർ വെഹിക്കിൾസ് അഗ്രഗേറ്റേഴ്‌സ് മാർഗ്ഗനിർദ്ദേശത്തിൽ വരുത്തിയ ഭേദഗതി പ്രകാരം, സ്വമേധയാ ടിപ്പ് നൽകുന്ന ഫീച്ചർ യാത്ര പൂർത്തിയായതിനു ശേഷം മാത്രമേ ദൃശ്യമാക്കാവൂ എന്ന് നിർബന്ധമാക്കി. ബുക്കിംഗ് സമയത്ത് ടിപ്പ് ഫീച്ചർ ലഭ്യമാകരുതെന്നും മാർഗനിർദേശം വ്യക്തമാക്കുന്നുണ്ട്.

സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) മുൻപ് അഡ്വാൻസ് ടിപ്പ് ഫീച്ചർ അന്യായമായ വ്യാപാര രീതിയെന്ന് വ്യക്തമാക്കിയിരുന്നു. പ്രീമിയം തുക നൽകി മാത്രം റൈഡ് ലഭ്യമാകുന്ന രീതി ഉപഭോക്താക്കൾ പരാതിപ്പെട്ടതിനാലാണ് CCPA നോട്ടീസ് പുറപ്പെടുവിച്ചത്. സ്വമേധയാ ടിപ്പ് ഡ്രൈവർക്ക് നൽകുന്നതിന് യാത്രക്കാർക്ക് ആപ്പ് സൗകര്യം നൽകുമെന്നും, എന്നാൽ ടിപ് ഫീച്ചർ യാത്ര പൂർത്തിയായതിനുശേഷം മാത്രമേ ദൃശ്യമാക്കാവൂവെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു. 2023ൽ ബെംഗളൂരുവിൽ നമ്മ യാത്രി പോലുള്ള ഓപ്പൺ-നെറ്റ്‌വർക്ക് ആപ്പുകളാണ് ആദ്യമായി അഡ്വാൻസ് ടിപ്പ് മോഡൽ അവതരിപ്പിച്ചത്. തിരക്കേറിയ സമയങ്ങളിൽ ഡ്രൈവർമാരെ ആകർഷിക്കാൻ ടിപ്പ് സംവിധാനം ഉപയോഗിച്ച് ക്യാബ് സേവനങ്ങൾ വികസിപ്പിച്ചു. സവിശേഷത സ്വീകരിച്ച ആദ്യത്തെ പ്രധാന കമ്പനിയായിരുന്നു റാപ്പിഡോ. പിന്നീട് ഉബർ, ഓല തുടങ്ങിയ കമ്പനികളും ഇതു പിന്തുടർന്നു.

ഇതോടൊപ്പം, വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, ആപ്പുകളിൽ വനിതാ ഡ്രൈവർമാരെ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിർബന്ധിതമായി ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഭേദഗതികൾ ഉടനടി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.