ഷാർജ ഡെസേർട്ട് പൊലീസ് പാർക്കിൽ വാരാന്ത്യങ്ങളിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് അധികൃതർ പുതിയ ഉത്തരവിറക്കി. പാർക്കിൽ സന്ദർശകരുടെ തിരക്ക് അനിയന്ത്രിതമായി വർധിച്ച സാഹചര്യം പരിഗണിച്ചാണ് ഈ മാറ്റം. പുതിയ നിർദ്ദേശപ്രകാരം ആഴ്ചാവസാനങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഷാർജയിലെ സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
ശൈത്യകാലം ആസ്വദിക്കാനായി എത്തുന്ന കുടുംബങ്ങൾക്കും സന്ദർശകർക്കും മികച്ച സൗകര്യങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തിരക്കേറിയ വാരാന്ത്യങ്ങൾ സർക്കാർ ഉദ്യോഗസ്ഥർക്കായി നീക്കിവെക്കാൻ തീരുമാനിച്ചത്. എന്നാൽ ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ (തിങ്കൾ മുതൽ വ്യാഴം വരെ) പൊതുജനങ്ങൾക്ക് പാർക്കിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കാവുന്നതാണ്. 2026 ജനുവരി 5 വരെ ഈ നിയന്ത്രണം നിലനിൽക്കുമെന്ന് അധികൃതർ പ്രത്യേകം അറിയിച്ചിട്ടുണ്ട്.
